Saturday, April 11, 2026

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ദൈനംദിന ചെലവുകൾക്കായി ടാക്സ് റീഫണ്ടിനെ ആശ്രയിച്ച് കാനഡക്കാർ

ഓട്ടവ: കാനഡയിൽ നിത്യനിദാന ചെലവുകൾക്കും കടബാധ്യതകൾ തീർക്കാനുമായി ടാക്സ് റീഫണ്ടിനെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി പുതിയ സർവ്വേ റിപ്പോർട്ടുകൾ. ഈ വർഷം ശരാശരി 2,000 ഡോളറോളമാണ് ഒരാൾക്ക് റീഫണ്ട് ലഭിക്കുന്നത്. പല കുടുംബങ്ങൾക്കും ഇത് വെറും അധിക വരുമാനമല്ല, മറിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ഏക ആശ്രയമായി മാറിയിരിക്കുകയാണ്.

കാനഡ റവന്യൂ ഏജൻസിയുടെ കണക്കനുസരിച്ച് നികുതിദായകരിൽ പകുതിയോളം പേർക്കും റീഫണ്ട് ലഭിക്കുന്നുണ്ട്. ഇതിൽ 36 ശതമാനം പേരും കഴിഞ്ഞ വർഷത്തേക്കാൾ അധികമായി റീഫണ്ട് തുകയെ ഇപ്പോൾ ആശ്രയിക്കുന്നുണ്ട്. പ്രത്യേകിച്ച് 18 മുതൽ 34 വയസ്സ് വരെയുള്ള യുവാക്കളിലും (40%) സ്ത്രീകളിലുമാണ് (41%) ഈ പ്രവണത കൂടുതൽ കണ്ടുവരുന്നത്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞെങ്കിലും ഉയർന്ന പലിശനിരക്കും മോർട്ട്ഗേജ് പുതുക്കലും സാധാരണക്കാരുടെ ബജറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്.

ഭക്ഷണം, വാടക, വൈദ്യുതി ബിൽ എന്നിവ നൽകാൻ പോലും പലരും പാടുപെടുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ അടിസ്ഥാന ആവശ്യങ്ങൾക്കായി ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. ടർബോ ടാക്സ് കാനഡ നടത്തിയ സർവ്വേ പ്രകാരം, റീഫണ്ട് ലഭിച്ചില്ലെങ്കിൽ 70 ശതമാനം കാനഡക്കാരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാകും.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഫെഡറൽ സർക്കാർ ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ എന്ന പേരിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റ് പ്രോഗ്രാമിൽ 25 ശതമാനം വർധനവും 2026-ൽ ഒറ്റത്തവണയായി 50 ശതമാനം ടോപ്പ്-അപ്പും വാഗ്ദാനം ചെയ്യുന്നു. ടാക്സ് റീഫണ്ട് തുക താൽക്കാലിക ആശ്വാസമേകുമെങ്കിലും, വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്ക് ഇതൊരു ശാശ്വത പരിഹാരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!