അബുദാബി: ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദാബിയിലെത്തി. ഏപ്രിൽ 11, 12 തീയതികളിൽ അദ്ദേഹം യുഎഇയിൽ ഔദ്യോഗിക സന്ദർശനം നടത്തും.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. യുഎഇ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം അവലോകനം ചെയ്യുകയും ചെയ്യും. ഊർജ്ജ വിതരണത്തിലെ സ്ഥിരത ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ജയശങ്കറിന്റെയും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും ഗൾഫ് സന്ദർശനം.

മൗറീഷ്യസ് സന്ദർശനത്തിന് ശേഷമാണ് ജയശങ്കർ യുഎഇയിലെത്തിയത്. അയൽരാജ്യങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ശ്രീലങ്കയ്ക്ക് 38 മെട്രിക് ടൺ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്ത്യ നൽകിയിരുന്നു. മൗറീഷ്യസുമായി എണ്ണ-വാതക വിതരണത്തിനായുള്ള പുതിയ കരാറിൽ ഇന്ത്യ ഉടൻ ഒപ്പിടുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഗൾഫ് രാജ്യങ്ങളുമായുള്ള സൗഹൃദം പുതുക്കാനും ഈ സന്ദർശനം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.
