എഡ്മിന്റൻ: നഗരത്തിൽ മാലിന്യശേഖരണം കൃത്യമല്ലാത്തതിനെത്തുടർന്ന് ജനങ്ങൾ കടുത്ത ദുരിതത്തിലെന്ന് റിപ്പോർട്ട്. ആഴ്ചയിൽ രണ്ടുതവണയുണ്ടായിരുന്ന ശേഖരണം ഇപ്പോൾ ഒരു തവണയായി ചുരുക്കിയതാണ് പ്രതിസന്ധിക്ക് കാരണം. ശേഖരണം മുടങ്ങുന്നതോടെ ബിന്നുകൾ നിറഞ്ഞുകവിഞ്ഞ് പരിസരമാകെ മാലിന്യം കുന്നുകൂടുകയാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
മാലിന്യനീക്കം വൈകുന്നത് നഗരത്തിൽ എലികളുടെ ശല്യം വർദ്ധിക്കാനും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. പലയിടങ്ങളിലും ബിന്നുകൾക്ക് പുറമെ മെത്തകളും പഴയ ഫർണിച്ചറുകളും തള്ളുന്നത് മാലിന്യനീക്കത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. നഗരസഭയുടെ സേവനം കൃത്യമായി ലഭിക്കാത്തതിനാൽ പലരും ഇപ്പോൾ സ്വകാര്യ ഏജൻസികളെ ആശ്രയിക്കുകയാണ്.

എന്നാൽ, മാലിന്യശേഖരണത്തിൽ നിലവിൽ തടസ്സങ്ങളില്ലെന്നാണ് എഡ്മിന്റൻ സിറ്റി അധികൃതരുടെ വിശദീകരണം. ബിന്നുകൾ കൃത്യമായ രീതിയിൽ വെക്കാത്തതും മൂടി തുറന്നിരിക്കുന്നതുമാണ് പലപ്പോഴും മാലിന്യം എടുക്കാതിരിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. പ്രശ്നപരിഹാരത്തിനായി 2027-ഓടെ എല്ലാ അപ്പാർട്ട്മെന്റുകളിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും നഗരസഭ അറിയിച്ചു.
