ഓട്ടവ: കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം തുടങ്ങിയ സങ്കീർണ്ണമായ ആഗോള പ്രശ്നങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ ജനപ്രതിനിധികളെ പ്രാപ്തരാക്കുന്നതിനായി വിഡിയോ ഗെയിം പരിശീലനം നൽകണമെന്ന് ഗവേഷകനായ ബെനോയിറ്റ് ബെച്ചാർഡ്. സാധാരണക്കാരെ അപേക്ഷിച്ച് ഇത്തരം കാര്യങ്ങളിൽ മികച്ച തീരുമാനമെടുക്കാൻ ജനപ്രതിനിധികൾക്ക് പ്രത്യേക കഴിവൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഈ കുറവ് പരിഹരിക്കാനാണ് വിഡിയോ ഗെയിമുകളിലൂടെയുള്ള പരിശീലനം അദ്ദേഹം നിർദ്ദേശിക്കുന്നത്.
ഒരു രാജ്യത്തിന്റെ ഭരണാധികാരിയായി ഇരുന്ന് ഭരണം നടത്തുന്ന ‘ഡെമോക്രസി’ പോലുള്ള ഗെയിമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ലാബിലെ ഒരു മണിക്കൂർ നേരത്തെ ഗെയിം കളിയിലൂടെ നാല് വർഷത്തെ ഭരണകാലത്തെ വെല്ലുവിളികൾ നേരിടാൻ അവർക്ക് സാധിക്കും. ഓരോ തീരുമാനവും ഭാവിയിൽ എന്ത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഗെയിമിലൂടെ മുൻകൂട്ടി മനസ്സിലാക്കാൻ ഇത് രാഷ്ട്രീയക്കാരെ സഹായിക്കും.

തന്റെ പഠനത്തിന്റെ ഭാഗമായി രാഷ്ട്രീയക്കാരെയും സാധാരണക്കാരെയും ഒരുമിച്ച് പങ്കെടുപ്പിച്ച പരീക്ഷണത്തിൽ രണ്ടു കൂട്ടരുടെയും പ്രകടനം ഏതാണ്ട് ഒരുപോലെയായിരുന്നു. 2026-ൽ ഈ പരിശീലന പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ബെച്ചാർഡിന്റെ തീരുമാനം. സങ്കീർണ്ണമായ വിഷയങ്ങളിൽ കൂടുതൽ വ്യക്തതയോടെ ചിന്തിക്കാൻ ഈ രീതി രാഷ്ട്രീയക്കാരെ പ്രാപ്തരാക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
