തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരമായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രായപൂര്‍ത്തി വിവാദത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസും ദേശീയ പട്ടികവര്‍ഗ കമ്മീഷനും. വിവാഹവുമായി ബന്ധപ്പെട്ട ഉയര്‍ന്ന പരാതികള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്. വെങ്കിടേഷ് അന്വേഷിക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി എഡിജിപിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി തുടങ്ങിയവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, എഡിജിപിയുടെ റിപ്പോര്‍ട്ടിന് ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂ. വിവാഹസമയത്ത് നല്‍കിയ രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. എന്നാല്‍, മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേയുള്ളൂ എന്നാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ കണ്ടെത്തല്‍.

കേസില്‍ മധ്യപ്രദേശ് പൊലീസും അന്വേഷണം കര്‍ശനമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി മധ്യപ്രദേശ് പൊലീസ് ഇതിനോടകം രേഖപ്പെടുത്തി. പ്രായം തെളിയിക്കുന്നതിനായി വ്യാജരേഖകള്‍ നിര്‍മിച്ചതില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. മഹേശ്വര്‍ മുന്‍സിപ്പാലിറ്റിയിലെയും ആശുപത്രിയിലെയും രേഖകളില്‍ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് ചില ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കാന്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. ഏപ്രില്‍ 22-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഇരുസംസ്ഥാനങ്ങളിലെയും ഡിജിപിമാര്‍ക്ക് നിര്‍ദേശം നല്‍കി.
