മൺട്രിയോൾ: കാനഡയിലെ മൂന്ന് ഫെഡറൽ റൈഡിങിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ, ക്യൂബെക്കിലെ ടെറെബോൺ റൈഡിങ് നിലനിർത്താനുള്ള കഠിനശ്രമത്തിലാണ് ഭരണകക്ഷിയായ ലിബറൽ പാർട്ടി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും ഒരു വോട്ടിന് ലിബറലുകൾ വിജയിച്ച റൈഡിങാണ് ടെറെബോൺ. എന്നാൽ കോടതി ഈ ഫലം അസാധുവാക്കിയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ റൈഡിങിൽ ബ്ലോക്ക് ക്യൂബെക്കോയിസ് വിജയിച്ചാൽ അത് ലിബറലുകളുടെ സ്വാധീനം കുറയുന്നതിന്റെ സൂചനയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണി നേരിട്ടെത്തി ഇവിടെ പ്രചാരണം നടത്തിയിരുന്നു.

ഭൂരിപക്ഷ സർക്കാർ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് പ്രധാനമന്ത്രി മാർക്ക് കാർണി. ടൊറന്റോ മേഖലയിലെ ലിബറൽ ശക്തികേന്ദ്രങ്ങളായ രണ്ട് റൈഡിങ് പാർട്ടി നിലനിർത്തുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. കൺസർവേറ്റീവ് എംപിയായിരുന്ന മെർലിൻ ഗ്ലാഡു അപ്രതീക്ഷിതമായി ലിബറൽ പാർട്ടിയിലേക്ക് ചേക്കേറിയത് കാർണിക്ക് ഭരണത്തിൽ കൂടുതൽ കരുത്ത് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം കാർണി സർക്കാരിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
