ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയിയുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ജനനായകന്’ ഇന്റര്‍നെറ്റില്‍ ചോര്‍ന്ന സംഭവത്തില്‍ ആറ് പേരെ തമിഴ്നാട് സൈബര്‍ ക്രൈം വിങ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ ഹൈ-ഡെഫനിഷന്‍ (എച്ച്ഡി) പതിപ്പ് അനധികൃതമായി പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്കിയ പരാതിയിലാണ് പോലീസിന്റെ അടിയന്തര നടപടി. അറസ്റ്റിലായവരെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഏപ്രില്‍ 9-നാണ് സിനിമയുടെ വിവിധ ഭാഗങ്ങളും പൂര്‍ണ്ണരൂപവും ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഇതിനോടകം മുന്നൂറിലധികം വ്യാജ ലിങ്കുകള്‍ സൈബര്‍ വിഭാഗം നീക്കം ചെയ്തു കഴിഞ്ഞു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്), ഐടി ആക്ട്, കോപ്പിറൈറ്റ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പൈറസി തടയാന്‍ രൂപീകരിച്ച പ്രത്യേക സംഘം ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനയിലൂടെയാണ് ക്ലൗഡ് സ്റ്റോറേജ് വഴി സിനിമ പ്രചരിപ്പിച്ചവരെ കണ്ടെത്തിയത്. സിനിമയുടെ വ്യാജ പതിപ്പുകള്‍ കാണുന്നതും പങ്കുവെക്കുന്നതും കടുത്ത കുറ്റമാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സൈബര്‍ വിംഗ് മുന്നറിയിപ്പ് നല്കി. രാഷ്ട്രീയ തിരക്കിലായതിനാല്‍ നടന് വിജയ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
