സാൻലിയുർഫ: തുർക്കിയിലെ ഒരു വൊക്കേഷണൽ ഹൈസ്‌കൂളിൽ മുൻ വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ 16 പേർക്ക് പരുക്കേറ്റു. ആക്രമണത്തിന് ശേഷം കെട്ടിടത്തിനുള്ളിൽ ഒളിച്ച 18 വയസ്സുകാരനായ അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച സാൻലിയുർഫ പ്രവിശ്യയിലെ സിവെറെക്കിലുള്ള സ്‌കൂളിലാണ് സംഭവം. തോക്കുമായി എത്തിയ 18 കാരൻ ക്രമരഹിതമായി വെടിയുതിർക്കുകയായിരുന്നു. 10 വിദ്യാർത്ഥികൾ, 4 അധ്യാപകർ, ഒരു കാന്റീൻ ജീവനക്കാരൻ, ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

വെടിവെപ്പിന് പിന്നാലെ സ്‌കൂൾ കെട്ടിടത്തിനുള്ളിൽ ഒളിച്ച അക്രമിയെ പിടികൂടാൻ പൊലീസ് പ്രത്യേക വിഭാഗം ശ്രമിച്ചെങ്കിലും അയാൾ കീഴടങ്ങാൻ തയ്യാറായില്ല. പിന്നീട് കെട്ടിടത്തിനുള്ളിൽ വെച്ച് അതേ തോക്കുപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
