Wednesday, April 22, 2026

ജോർജിയയിൽ കാട്ടുതീ പടരുന്നു: 16,000 ഏക്കറോളം നശിച്ചു

അറ്റ്‌ലാന്റ: അമേരിക്കയിലെ സൗത്ത് ജോർജിയയിൽ കാട്ടുതീ അതിശക്തമായി പടരുന്നു. പൈൻലാൻഡ് റോഡിൽ ആരംഭിച്ച തീ ഇതിനോടകം 16,000 ഏക്കറിലധികം പ്രദേശത്തേക്ക് വ്യാപിച്ചു. കാറ്റ് കഠിനമായതോടെ തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ ബുദ്ധിമുട്ടുകയാണ്.

എക്കോൾസ് കൗണ്ടിയിലെ വിൽ റെവിസ്, ചൗൻസി റോഡുകൾക്ക് സമീപം താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വീടുകളിൽ നിന്ന് മാറുന്നവർക്കായി ലേക്ക് പാർക്കിലെ ‘വെഞ്ച്വർ ഓഫ് ഫെയ്ത്ത് ക്യാമ്പ്’, വാൽഡോസ്റ്റയിലെ ‘ക്യാമ്പ് റോക്ക്’ എന്നിവിടങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച തീ നിലവിൽ 10 ശതമാനം മാത്രമാണ് നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടുള്ളത്. തീ ഇപ്പോൾ സുവാനോച്ചീ നദി കടന്ന് ക്ലിഞ്ച്, എക്കോൾസ് കൗണ്ടികളുടെ അതിർത്തിയിലേക്ക് നീങ്ങുകയാണ്.

കാട്ടുതീയെത്തുടർന്ന് അറ്റ്‌ലാന്റ മേഖലയിലുടനീളം കനത്ത പുക അനുഭവപ്പെടുന്നുണ്ട്. ശ്വസനസംബന്ധമായ പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും വീടിന്റെ ജനാലകൾ അടച്ചിടണമെന്നും എമർജൻസി മാനേജ്‌മെന്റ് ഏജൻസി മുന്നറിയിപ്പ് നൽകി. എയർ കണ്ടീഷനിംഗ് ‘റീസർക്കുലേഷൻ’ മോഡിൽ പ്രവർത്തിപ്പിക്കാനും നിർദ്ദേശമുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ ജോർജിയ ഫോറസ്ട്രി ഇൻസിഡന്റ് മാനേജ്‌മെന്റ് ടീം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!