ടൊറന്റോ: കാനഡയിലെ ഒന്റാരി യോ പ്രവിശ്യയിലുള്ള ഭൂരിഭാഗം ആശുപത്രികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി വരും മാസങ്ങളിൽ നിരവധി ആശുപത്രികളിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. ഒന്റാറിയോയിലെ 70 ശതമാനത്തിലധികം ആശുപത്രികളും ഈ വർഷം വലിയ സാമ്പത്തിക കമ്മി നേരിടുമെന്നാണ് കണക്കാക്കുന്നത്. സർക്കാർ 1.1 ബില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ചെങ്കിലും, നിലവിലെ സാഹചര്യം മറികടക്കാൻ ഇതിന്റെ ഇരട്ടി തുക ആവശ്യമാണെന്ന് ഹോസ്പിറ്റൽ അസോസിയേഷൻ വ്യക്തമാക്കി.

ഓട്ടവ ഹോസ്പിറ്റലിൽ ആകെ ജീവനക്കാരുടെ മൂന്ന് ശതമാനത്തോളം തസ്തികകൾ വെട്ടിക്കുറയ്ക്കും. നേരത്തെയുള്ള വിരമിക്കൽ , പുതിയ നിയമനങ്ങൾ മരവിപ്പിക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. നഴ്‌സിങ് തസ്തികകൾ ഉൾപ്പെടെ ഇരുന്നൂറിലധികം തസ്തികകളാണ് ഇവിടെ കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കും.
ആശുപത്രികൾ ബജറ്റ് സന്തുലിതമാക്കാൻ മൂന്ന് വർഷത്തെ പദ്ധതികൾ തയ്യാറാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. രോഗി പരിചരണത്തെ ബാധിക്കാത്ത രീതിയിലുള്ള മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതോടെ മുൻനിര ആരോഗ്യ സേവനങ്ങളെ ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് പൊതുജനങ്ങൾ.
