ടൊറന്റോ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷം പൂർത്തിയാക്കുമ്പോൾ, അന്താരാഷ്ട്ര ബന്ധങ്ങളിൽ മികവ് പുലർത്തിയെങ്കിലും ജീവിതച്ചെലവ് കുറയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി പുതിയ സർവേ. ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേ പ്രകാരം, സർവേയിൽ പങ്കെടുത്തവരിൽ 52% പേരും ജീവിതച്ചെലവ് കുറയ്ക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകേണ്ടതെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് 70 % പേരും ഭവന ലഭ്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നുമാണ് 67% പേരുടെയും വിലയിരുത്തൽ.
അന്താരാഷ്ട്ര വിഷയങ്ങളിൽ സർക്കാർ മികച്ച പ്രകടനം തുടരുന്നതായാണ് സർവേയിലെ കണ്ടെത്തൽ. അമേരിക്കയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിൽ 56% പേരും, രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിൽ 64% പേരും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു. നാറ്റോയുടെ പ്രതിരോധ ചെലവ് ലക്ഷ്യങ്ങൾ കൈവരിച്ചതും സർക്കാരിന്റെ നേട്ടമായി വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി എന്ന നിലയിൽ മാർക്ക് കാർണിയുടെ പ്രവർത്തനങ്ങൾക്ക് 58% അംഗീകാരം ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചോ എന്ന കാര്യത്തിൽ ജനങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. പങ്കെടുത്തവരിൽ 41% പേർ സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചതായി അഭിപ്രായപ്പെട്ടപ്പോൾ, തുല്യ ശതമാനം പേർ വിപരീത നിലപാടാണ് സ്വീകരിച്ചത്. രാജ്യത്തിന്റെ പോക്ക് ശരിയായ ദിശയിലാണെന്ന് 34% പേർ വിശ്വസിക്കുമ്പോൾ, 42% പേർ രാജ്യം തെറ്റായ ദിശയിലാണെന്ന് സർവേയിൽ അഭിപ്രായപ്പെട്ടു. ഏപ്രിൽ 15 മുതൽ 20 വരെയാണ് സർവേ നടന്നത്.
