Monday, April 27, 2026

കാർഷിക ഭൂമിയിൽ ടൗൺഷിപ്പ്; ടൊറന്റോ നഗരവികസന പദ്ധതിക്കെതിരെ പ്രതിഷേധം ശക്തം

ടൊറന്റോ: ടൊറന്റോയുടെ കിഴക്കൻ മേഖലയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് പിക്കറിങ് നഗരത്തിൽ നടപ്പിലാക്കുന്ന ഭവനനിർമ്മാണ പദ്ധതി വിവാദത്തിൽ. 70,000-ത്തോളം പുതിയ താമസക്കാരെ ഉൾക്കൊള്ളാൻ പാകത്തിൽ 17 ചതുരശ്ര കിലോമീറ്റർ കാർഷിക ഭൂമിയിൽ ടൗൺഷിപ്പ് നിർമ്മിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഭവനക്ഷാമം പരിഹരിക്കാനും സാമ്പത്തിക വളർച്ചയ്ക്കും ഈ പദ്ധതി അനിവാര്യമാണെന്ന് മേയർ കെവിൻ ആഷെ ആവർത്തിക്കുമ്പോൾ, കൃഷിഭൂമി നഷ്ടപ്പെടുന്നത് വലിയ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.

പദ്ധതിക്കെതിരെ മിസ്സിസാഗാസ് ഓഫ് സ്കഗ് ഐലൻഡ് ഫസ്റ്റ് നേഷൻ (MSIFN) രംഗത്തുവന്നത് ഭരണകൂടത്തിന് വലിയ തിരിച്ചടിയായി. പദ്ധതിയെക്കുറിച്ച് തങ്ങളുമായി കാര്യമായ ചർച്ചകൾ നടത്തിയില്ലെന്നും, തങ്ങളുടെ പ്രദേശത്ത് നിർമ്മാണം നടത്തുമ്പോൾ പാലിക്കേണ്ട പ്രാഥമിക മര്യാദകൾ ലംഘിക്കപ്പെട്ടുവെന്നുമാണ് അവരുടെ ആരോപണം. പ്രതിഷേധം ശക്തമായതോടെ വോട്ടെടുപ്പ് പലതവണ മാറ്റിവെക്കാൻ മേയർ നിർബന്ധിതനായി. മേയർ ആഷെയും ഫസ്റ്റ് നേഷൻ പ്രതിനിധികളും തമ്മിൽ ചർച്ചകൾ നടത്തിയെങ്കിലും പദ്ധതിയെ ചൊല്ലിയുള്ള അഭിപ്രായഭിന്നതകൾ തുടരുകയാണ്.

അതേസമയം, നഗരവൽക്കരണത്തെ അനുകൂലിച്ചും എതിർത്തും വിദഗ്ധർ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു. ‘സ്റ്റോപ്പ് ഡർഹാം സ്പ്രോൾ’ പോലുള്ള സംഘടനകൾ നഗരത്തെ അനാവശ്യമായി വികസിപ്പിക്കുന്നതിന് പകരം ഉള്ള സ്ഥലത്ത് കൂടുതൽ ഭവനങ്ങൾ നിർമ്മിച്ച് ജനസാന്ദ്രത കൂട്ടാനാണ് നിർദ്ദേശിക്കുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ വികസനം അത്യാവശ്യമാണെന്നും, മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാണ് നല്ലതെന്നുമാണ് നഗരാസൂത്രണ വിദഗ്ധരുടെ വാദം. മെയ് 20-ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ നിർണ്ണായക തീരുമാനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!