Monday, April 27, 2026

ആഗോള പ്രതിസന്ധി; ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് നിലനിർത്തുമെന്ന് സൂചന

ഓട്ടവ: ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ നിലനിർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ. നിലവിൽ 2.25 ശതമാനമുള്ള ബെഞ്ച്മാർക്ക് നിരക്ക് തുടരാനാണ് സാധ്യതയെന്ന് 93 ശതമാനത്തിലധികം സാമ്പത്തിക വിപണി വിശകലന വിദഗ്ധരുടെയും വിലയിരുത്തൽ. ബുധനാഴ്ച പുറത്തിറങ്ങുന്ന കേന്ദ്ര ബാങ്കിന്റെ പുതിയ നാണ്യനയ റിപ്പോർട്ടിലും തുടർന്നുണ്ടാകുന്ന പലിശ തീരുമാനത്തിലും ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

ഇറാൻ യുദ്ധം മൂലം ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയർന്നത് കാനഡയിലെ പണപ്പെരുപ്പത്തെയും ബാധിച്ചിട്ടുണ്ട്. ഫെബ്രുവരിയിൽ 1.8 ശതമാനമായിരുന്ന പണപ്പെരുപ്പം മാർച്ചിൽ 2.4 ശതമാനമായി ഉയർന്നു. സാമ്പത്തിക വളർച്ചയിലെ മുരടിപ്പും ഉയർന്ന തൊഴിലില്ലായ്മയും നിലനിൽക്കെ, എണ്ണവില വർധന കൂടി ചേരുമ്പോൾ പലിശ നിരക്കിൽ എന്ത് മാറ്റം വരുത്തണമെന്ന വലിയ പ്രതിസന്ധിയാണ് കേന്ദ്ര ബാങ്ക് നേരിടുന്നത്. പണപ്പെരുപ്പം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ബാങ്ക് കർശനമായ നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

യുദ്ധം തുടരുന്നതും ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വവും കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയാണ്. ഹ്രസ്വകാലത്തേക്ക് ഇന്ധനവില വർധനവ് പണപ്പെരുപ്പത്തിൽ പ്രകടമാകുമെങ്കിലും, ദീർഘകാല പണപ്പെരുപ്പ പ്രതീക്ഷകൾ വർധിക്കാതിരിക്കാനാണ് ബാങ്കിന്റെ മുൻഗണന. ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച ഇന്ധന നികുതിയിളവുകളും മറ്റും കണക്കിലെടുക്കുമ്പോൾ, നിലവിലെ അനിശ്ചിതത്വം മാറുന്നത് വരെ ഈ വർഷം മുഴുവൻ പലിശ നിരക്കുകളിൽ മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!