കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദനും ഭാര്യ കെ.പി. രമണിയും സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനും മറ്റുള്ളവരും ചേർന്നു സ്വീകരിച്ചു. കോടിയേരിയുടെ പ്രതിമയ്ക്കു മുന്നിൽ ഗോവിന്ദൻ പുഷ്പാർച്ചന നടത്തുകയും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷവുമാണ് മടങ്ങിയത്. വീട്ടിൽ വരുന്നവരെ വർഗവഞ്ചകരെന്ന് വിളിക്കില്ലെന്ന് വിനോദിനി കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു. കോടിയേരിയോട് സ്നേഹമുള്ളവരാണ് വീട്ടിൽ വരുന്നത്. അങ്ങനെ വരുന്ന ആരെയും സ്വീകരിക്കും. താൻ ആർക്കും അടിമയല്ല. തനിക്ക് തന്റേതായ ശരികളുണ്ട്. തന്റെ വീട്ടിൽ ആർക്കും വരാം. മറ്റുള്ളവർ എന്തു പറയുന്നത് നോക്കാറില്ലെന്നും വിനോദിനി പറഞ്ഞു.

സിപിഎം തെറ്റു തിരുത്താൻ പോകുന്നില്ലെന്ന് കണ്ണൂർ ഡിസിസി ഓഫിസിൽ എത്തിയ ശേഷം ടി.കെ. ഗോവിന്ദൻ പറഞ്ഞു. ‘‘സിപിഎമ്മിൽ തെറ്റുതിരുത്തൽ ചർച്ച നടക്കും. അതു വെറും അധര വ്യായാമമാണ്. അതിന്റെ പേരിൽ ആരും തെറ്റുതിരുത്തിയതായി അറിവില്ല. ആ ചടങ്ങ് എപ്പോഴുമെന്നതു പോലെ ഇപ്പോഴും നടക്കും. ഒരാളും തെറ്റു തിരുത്താൻ പോകുന്നില്ല. പയ്യന്നൂരിൽ കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത് ജനം വിശ്വസിച്ചു. പയ്യന്നൂർ സിപിഎമ്മിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ്. അവിടെയാണ് പാർട്ടിക്കെതിരെ വൻ ഭൂരിപക്ഷത്തിൽ കുഞ്ഞികൃഷ്ണൻ ജയിച്ചത്. പാർട്ടി പറയുന്നത് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടിവിടുകയായിരുന്നു. തുടർന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി തളിപ്പറമ്പിൽ മത്സരിച്ചു. ജയിച്ചശേഷം ആദ്യമായാണ് അദ്ദേഹം ഡിസിസി ഓഫിസിലെത്തിയത്.
