Thursday, May 7, 2026

യുദ്ധം അവസാനത്തിലേക്ക്? അമേരിക്കയുടെ സമാധാന കരാർ പരിഗണിച്ച്‌ ഇറാൻ

വാഷിങ്‌‌ടൺ/ടെഹ്‌റാൻ: മാസങ്ങളായി തുടരുന്ന ഇറാൻ-അമേരിക്ക സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ സമാധാന നിർദ്ദേശങ്ങൾ പരിശോധിച്ച്‌ ഇറാൻ ഭരണകൂടം. ഇറാനുമായുള്ള യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നയതന്ത്ര നീക്കങ്ങൾ സജീവമായത്. ഇറാനുമായുള്ള ആണവ ചർച്ചകൾക്ക് പുതിയ വഴിത്തിരിവാകുന്ന 14 ഇന ധാരണാപത്രമാണ് വൈറ്റ് ഹൗസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കുക, ഇറാനുമേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുക, ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പുനഃസ്ഥാപിക്കുക തു‌ടങ്ങിയവയാണ്‌ പ്രധാന നിർദ്ദേശങ്ങൾ. പാകിസ്ഥാൻ മുഖേനയാണ് അമേരിക്ക ഈ നിർദ്ദേശങ്ങൾ ഇറാന് കൈമാറിയത്. നിർദ്ദേശങ്ങൾ പരിശോധിച്ചു വരികയാണെന്നും പാകിസ്ഥാൻ വഴി ഉടൻ മറുപടി നൽകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജോർജിയയിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കവെയാണ് യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചത്. ഇറാൻ ആണവായുധം നേടുന്നത് തടയുക എന്ന തന്റെ ലക്ഷ്യത്തോട് ലോകം യോജിക്കുന്നുണ്ടെന്നും, എണ്ണവില വർദ്ധനവ് മൂലം അമേരിക്കക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ താൽക്കാലികം മാത്രമാണെന്നും കൂട്ടിച്ചേർത്ത ട്രംപ് കരാർ അംഗീകരിച്ചില്ലെങ്കിൽ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അമേരിക്കയുടെ നിർദ്ദേശങ്ങളെ ഇറാന്റെ പാർലമെന്ററി കമ്മിറ്റി വക്താവ് ഇബ്രാഹിം റെസായി വിമർശിച്ചു. അമേരിക്ക യുദ്ധത്തിൽ പരാജയപ്പെടുകയാണെന്നും ചർച്ചകളിലൂടെ ഇറാനെ കീഴ്പ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ശക്തമായി തിരിച്ചടിക്കാൻ ഇറാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം എക്‌സിലൂടെ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി മുതൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം തുടങ്ങിയതോടെയാണ് മേഖലയിൽ യുദ്ധം രൂക്ഷമായത്. ഇറാന്റെ ഉപരോധം കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെട്ടത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിരുന്നു. നിലവിൽ ഏപ്രിൽ മുതൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നേരിയ തോതിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ട്രംപിന്റെ നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!