മാഡ്രിഡ്: സമുദ്രയാത്രയ്ക്കിടെ പടർന്നുപിടിച്ച മാരകമായ ഹാൻ്റാവൈറസ് ബാധയെത്തുടർന്ന് വിനോദസഞ്ചാര കപ്പലായ എംവി ഹോണ്ടിയസ് അതീവ ജാഗ്രതയിൽ. രോഗബാധ ഗുരുതരമായ മൂന്ന് യാത്രക്കാരെ കപ്പലിൽ നിന്നും വിമാനമാർഗ്ഗം നെതർലൻഡ്‌സിലേക്ക് മാറ്റി. നിലവിൽ ആഫ്രിക്കൻ തീരത്തുള്ള കേപ് വെർഡെക്ക് സമീപം നങ്കൂരമിട്ടിരുന്ന കപ്പൽ ഇപ്പോൾ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് തിരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ കപ്പലിൽ മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അർജന്റീനയിൽ നിന്ന് യാത്ര ആരംഭിച്ച കപ്പലിൽ നിലവിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 146 പേരാണുള്ളത്. എട്ട് പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നു. ഇതിൽ മൂന്നെണ്ണം സ്ഥിരീകരിച്ചതും
5 എണ്ണം സംശയാസ്പദമായവയുമാണ്. മരിച്ചവരിൽ ഒരു ഡച്ച് വനിതയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ട് മരണങ്ങളിൽ അന്വേഷണം നടക്കുകയാണ്. രോഗ ലക്ഷണങ്ങൾ കാണിച്ച ബ്രിട്ടീഷ്, ഡച്ച്, ജർമ്മൻ പൗരന്മാരെയാണ് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയത്. സാധാരണയായി എലികളിൽ നിന്നും മറ്റ് കരണ്ടുതിന്നുന്ന ജീവികളിൽ നിന്നുമാണ് ഹന്താവൈറസ് മനുഷ്യരിലേക്ക് പകരുന്നത്. എന്നാൽ ഈ കപ്പലിലെ സാഹചര്യം പരിശോധിക്കുമ്പോൾ, വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകർന്നിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ സംശയിക്കുന്നു. ലാറ്റിൻ അമേരിക്കയിൽ കാണപ്പെടുന്ന ആൻഡീസ് സ്ട്രെയിൻ വൈറസാണ് പടരുന്നതെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. ഇത് മനുഷ്യർക്കിടയിൽ പടരാൻ സാധ്യതയുള്ള വിഭാഗമാണ്.

അതേ സമയം കപ്പൽ കാനറി ദ്വീപുകളിലേക്ക് അടുക്കുന്നതിനെതിരെ പ്രാദേശിക ഭരണകൂടം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്പെയിൻ ആരോഗ്യ മന്ത്രാലയം കപ്പലിന് അനുമതി നൽകി. കപ്പൽ തീരത്തെത്തിയാലുടൻ യാത്രക്കാരെ കർശനമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. വിദേശ പൗരന്മാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരികെ അയക്കാനും സ്പാനിഷ് പൗരന്മാരെ മഡ്രിഡിലെ പ്രത്യേക സൈനിക ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനുമാണ് തീരുമാനം. ലോകാരോഗ്യ സംഘടന സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അറിയിച്ചു. കപ്പലിൽ നിന്ന് നേരത്തെ ഇറങ്ങിയ യാത്രക്കാർക്കും രോഗബാധയുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സ്വിറ്റ്സർലൻഡിൽ തിരിച്ചെത്തിയ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും കപ്പലിൽ യാത്ര ചെയ്തവരെ നിരീക്ഷിച്ചു വരികയാണ്. സാധാരണ പനിയിൽ നിന്ന് വ്യത്യസ്തമായി ശാരീരിക സമ്പർക്കത്തിലൂടെ മാത്രമേ ഈ വൈറസ് പകരുകയുള്ളൂവെന്നും പൊതുജനങ്ങൾക്ക് വലിയ ഭീഷണിയില്ലെന്നും വിദഗ്ധർ വ്യക്തമാക്കി.
