Thursday, May 7, 2026

”നിന്റെ കൊറിയയിലേക്ക് തന്നെ മടങ്ങൂ…”; കാനഡയിൽ കഫേ ഉടമയ്ക്ക് നേരെ വംശീയ അധിക്ഷേപം, ദൃശ്യങ്ങൾ പുറത്ത്

വൻകൂവർ: കാനഡയിലെ നോർത്ത് വൻകൂവറിലുള്ള ഒരു കഫേയിൽ ഉടമയ്‌ക്കെതിരെ വംശീയ അധിക്ഷേപം നടന്നതായി റിപ്പോർട്ട്. ‘കിംസ് കഫേ’ ഉടമ ഡൂയി കിമ്മിന് നേരെയാണ് ഉപഭോക്താവായ സ്ത്രീ മോശം പരാമർശങ്ങൾ നടത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. തെറ്റായ ടേക്ക് എവേ ഓർഡർ കൊണ്ടുപോയ ഉപഭോക്താവ്, ഒരു മണിക്കൂറിന് ശേഷം ഭക്ഷണം തിരികെ നൽകാതെ പണം ആവശ്യപ്പെടുകയായിരുന്നു. ഇത് ഉടമ വിസമ്മതിച്ചതോടെ തർക്കം രൂക്ഷമാവുകയും, തന്റെ പൊലീസ് സുഹൃത്തുക്കളെ ഉപയോഗിച്ച് ബിസിനസ്സ് പൂട്ടിക്കുമെന്ന് സ്ത്രീ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കഫേയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പണം തിരികെ നൽകിയിട്ടും പിറ്റേന്ന് രാവിലെ വീണ്ടും കഫേയിലെത്തിയ സ്ത്രീ ഉടമയുടെ ഇമിഗ്രേഷൻ പദവിയെ ചോദ്യം ചെയ്യുകയും വംശീയമായി അധിക്ഷേപിക്കുകയുമായിരുന്നു. സ്റ്റാർബക്സിലെ പോലെ കവറുകളിൽ പേര് എഴുതാത്തതാണ് തെറ്റായ ഓർഡർ ലഭിക്കാൻ കാരണമെന്ന് ആരോപിച്ച ഇവർ, കടയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിനിടെ “നിന്റെ സ്വന്തം രാജ്യമായ കൊറിയയിലേക്ക് തന്നെ തിരിച്ചുപോകൂ” എന്ന് ആക്രോശിച്ചു. അങ്ങേയറ്റം അപമാനകരമായ പദപ്രയോഗങ്ങളാണ് ഇവർ ഉടമയ്ക്ക് നേരെ നടത്തിയത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഡൂയി കിമ്മിന് വലിയ പിന്തുണയാണ് കമ്മ്യൂണിറ്റിയിൽ നിന്ന് ലഭിക്കുന്നത്.

സംഭവത്തിൽ കിം ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട നോർത്ത് വൻകൂവർ ആർ.സി.എം.പി (RCMP) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ കഫേ ഉടമയെ നേരിട്ട് കണ്ട് വിവരങ്ങൾ ശേഖരിക്കുമെന്ന് അറിയിച്ചു. വംശീയ വിദ്വേഷം പടർത്തുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ കനത്ത പ്രതിഷേധമാണ് കാനഡയിലെ പ്രാദേശിക സമൂഹത്തിൽ നിന്ന് ഉയരുന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ അധിക്ഷേപത്തിൽ താൻ മാനസികമായി തകർന്നു പോയെന്ന് ഉടമ ഡൂയി കിം മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!