കാൽഗറി: കാനഡയിലെ വ്യവസായ മേഖലയിൽ നിന്നുള്ള കാർബൺ ഉദ്വമ നത്തിന്മേലുള്ള നികുതിയുടെ ഭാവി നിശ്ചയിക്കുന്ന നിർണ്ണായക കരാറിൽ പ്രധാനമന്ത്രി മാർക്ക് കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ഇന്ന് ഒപ്പുവെക്കും. കാൽഗറിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും സംയുക്ത ഊർജ്ജ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ കരാർ പ്രകാരം, ആൽബർട്ടയിലെ വ്യവസായ കാർബൺ വില 2040-ഓടെ ഒരു ടണ്ണിന് 130 ഡോളർ (130 ഡോളർ/ ടൺ) ആയി ഉയർത്താനാണ് പദ്ധതി. കഴിഞ്ഞ വർഷം ആൽബർട്ട തങ്ങളുടെ കാർബൺ നികുതി ടണ്ണിന് 95 ഡോളറിൽ മരവിപ്പിച്ചിരുന്നു. പടിഞ്ഞാറൻ തീരത്തേക്ക് ഒരു പുതിയ ബിറ്റുമെൻ പൈപ്പ്ലൈൻ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ ഒട്ടാവയും ആൽബർട്ടയും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ പുതിയ നീക്കം. കാർബൺ നികുതി കാര്യത്തിൽ ധാരണയാകുന്നത് പൈപ്പ്ലൈൻ പദ്ധതി വേഗ ത്തിലാക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഒട്ടാവയുമായുള്ള പ്രവിശ്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവ ടുവെപ്പാണിതെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്തും പ്രതികരിച്ചു. ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം കാർബൺ വില ഘട്ടം ഘട്ടമായാണ് ഉയർത്തുക എന്നാണ് സൂചന. 2027-ഓടെ: അടിസ്ഥാന വില (Headline price) ടണ്ണിന് 100 ഡോളർ ആയി ഉയർത്തും.

2035-ഓടെ: ഇത് 130 ഡോളറിലെത്തിക്കും. 2040-ഓടെവിപണിയിലെ യഥാർത്ഥ വിലയും ടണ്ണിന് 130 ഡോളറായി മാറും. വ്യവസായ കമ്പനികൾ പരിധിയിൽ കൂടുതൽ കാർബൺ പുറന്തള്ളുമ്പോൾ ആൽബർട്ട സർക്കാരിലേക്ക് അടയ്ക്കേണ്ട തുകയാണ് അടിസ്ഥാന വില. ഈ തുക പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി സർക്കാർ ഉപയോഗിക്കും. അതേ സമയം അനുകൂലിച്ചും പ്രതികൂലിച്ചും വ്യവസായ-രാഷ്ട്രീയ മേഖലകൾ ഈ തീരുമാനത്തിൽ സമ്മിശ്ര പ്രതികരണമാണ് കാനഡയിൽ ഉയരുന്നത്. കാനഡയിലെ പ്രമുഖ കമ്പനിയായ എ.ടി.സി.ഒ (ATCO) ചീഫ് എക്സിക്യൂട്ടീവ് നാൻസി സതേൺ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. വ്യവസായ മേഖലയ്ക്ക് പുതിയ നികുതി ഘടനയുമായി പൊരുത്തപ്പെടാൻ സാധിക്കുമെന്നും ഇത് പുതിയ അവസരങ്ങൾ തുറന്നു നൽകുമെന്നും അവർ പറഞ്ഞു. എന്നാൽ ഈ നീക്കത്തിനെതിരെ മുൻ പരിസ്ഥിതി മന്ത്രി കാതറിൻ മക്കെന്ന കടുത്ത ഭാഷയിൽ രംഗത്തെത്തി. ആൽബർട്ട പ്രീമിയറുടെയും വൻകിട എണ്ണ കമ്പനികളുടെയും സമ്മർദ്ദത്തിന് വഴങ്ങി കാനഡയുടെ കാലാവസ്ഥാ വ്യതിയാന പദ്ധതികളെ സർക്കാർ തകർക്കുകയാണെന്ന് അവർ ആരോപിച്ചു. വൻതോതിൽ മലിനീകരണം നടത്തുന്ന എണ്ണ-വാതക കമ്പനികൾക്ക് ഇത് വൻ ഇളവുകൾ നൽകുന്നതിന് തുല്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
