Saturday, May 16, 2026

ആഭ്യന്തരം ഉറപ്പിച്ച് രമേശ് ചെന്നിത്തല; കടുംപിടുത്തം വേണ്ടെന്ന നിലപാടില്‍ വി.ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടെങ്കിലും ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലക്ക് നല്‍കാന്‍ തീരുമാനമായതായി സൂചന. ഇന്നലെ രാത്രി കെ.സി വേണുഗോപാലും ദീപാ ദാസ്മുന്‍ഷിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചെന്നിത്തലയെ അനുനയിപ്പിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും നിര്‍ദേശത്തിന് പിന്നാലെയായിരുന്നു കെ.സി – ദീപാ ദാസ്മുന്‍ഷി ചര്‍ച്ച.

സീനിയര്‍ നേതാവായ രമേശ് ചെന്നിത്തലയെ പൂര്‍ണ്ണമായി അവഗണിക്കുന്നത് മുന്നണിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് എഐസിസി നേതൃത്വം. ഈ തീരുമാനം അംഗീകരിക്കണമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിനായി നേരത്തെ കടുംപിടിത്തം പിടിച്ചിരുന്ന വി.ഡി. സതീശന്‍ ഇതിനോടകം തന്റെ നിലപാടില്‍ നിന്ന് പിന്മാറിയതായാണ് സൂചന. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് തയ്യാറാകാന്‍ പാര്‍ട്ടി നേതൃത്വം ചെന്നിത്തലയ്ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

അതേസമയം, മന്ത്രിസഭയിലെ പ്രാതിനിധ്യത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോര് ശക്തമാകുകയാണ്. സ്വന്തം പക്ഷത്തുനിന്നുള്ള എട്ടു പേരെ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ട് കെ.സി. വേണുഗോപാല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് വി.ഡി. സതീശന്‍ പക്ഷത്ത് കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദീഖ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്ക് പുറമെ എന്‍. ശക്തന്‍, ഒ.ജെ. ജനീഷ് എന്നിവരുടെ പേരുകളാണ് കെ.സി. പക്ഷം മുന്നോട്ടുവെച്ചിട്ടുള്ളത്. തന്റെ വിശ്വസ്തനായ അന്‍വര്‍ സാദത്തിനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ രമേശ് ചെന്നിത്തലയും ഉറച്ചുനില്‍ക്കുന്നു.

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പാനലില്‍ കെ. മുരളീധരന്‍, ചാണ്ടി ഉമ്മന്‍ എന്നിവരടക്കം നാല് പേരാണുള്ളത്. ഇതില്‍ കെ. മുരളീധരന് മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പായ മട്ടാണ്. എന്നാല്‍, രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കാന്‍ തീരുമാനിച്ചാല്‍ ചെന്നിത്തല പക്ഷത്തുനിന്ന് അന്‍വര്‍ സാദത്തിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഗ്രൂപ്പ് സമവാക്യങ്ങളും പ്രാദേശിക പരിഗണനകളും കൃത്യമായി പാലിച്ച് ഇന്നു വൈകുന്നേരത്തോടെ കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താനാണ് ഹൈക്കമാന്‍ഡിന്റെയും കെപിസിസി നേതൃത്വത്തിന്റെയും ഊര്‍ജിത ശ്രമം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!