മൺട്രിയോൾ: കെബെക്കിന് ഫ്രാൻസുമായി വലിയ ബിസിനസ്സ് പങ്കാളിത്തത്തിന് അവസരമുണ്ടെന്ന് പ്രീമിയർ ക്രിസ്റ്റീൻ ഫ്രെഷെറ്റ്. ഫ്രാൻസ് സന്ദർശനത്തിനിടെ അവിടുത്തെ ഭരണാധികാരികളുമായും വ്യവസായികളുമായും നടത്തിയ ചർച്ചയിലാണ് അവർ ഇക്കാര്യം പറഞ്ഞത്. കാനഡയിൽ കാണപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളിൽ (Critical Minerals) ഭൂരിഭാഗവും കെബെക്കിന്റെ മണ്ണിലാണുള്ളത്. ആകെ 28 തരം വിലപിടിപ്പുള്ള ധാതുക്കൾ തങ്ങൾക്കുണ്ടെന്നും പരിസ്ഥിതിക്ക് ദോഷമില്ലാത്ത രീതിയിലാണ് ഇവ ഖനനം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.
യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്കായി വലിയ തുക ചെലവഴിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് കെബെക്കിന്റെ ഈ നിർണായക നീക്കം. ലോകത്ത് യുദ്ധങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും നിലനിൽക്കുന്ന ഈ സമയത്ത് സൈനിക ആവശ്യങ്ങൾക്കുള്ള തന്ത്രപ്രധാന ധാതുക്കൾക്ക് വലിയ ഡിമാൻഡാണ് ഉള്ളത്. കാനഡയും തങ്ങളുടെ പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഈ അവസരം ഉപയോഗിച്ച് വലിയ പ്രതിരോധ കരാറുകൾ സ്വന്തമാക്കുകയാണ് കെബെക്കിന്റെ ലക്ഷ്യം.

ക്രിസ്റ്റീൻ ഫ്രെഷെറ്റ് പ്രീമിയർ പദവി ഏറ്റെടുത്ത ശേഷമുള്ള രണ്ടാമത്തെ വിദേശ സന്ദർശനമാണിത്. ഏതാനും ആഴ്ചകൾക്ക് മുൻപ് അവർ അമേരിക്കയും സന്ദർശിച്ചിരുന്നു. ഈ ചർച്ചകൾക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു എന്നിവരുമായും അവർ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് കരുതുന്നത്.
