Monday, May 18, 2026

”ആക്രമണം തികച്ചും മനഃപ്പൂർവ്വം”; ചൈനീസ് കപ്പലിന് നേരെയുള്ള റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്ൻ

കീവ്: കരിങ്കടലിൽ ചൈനീസ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം ഉണ്ടായതായി അറിയിച്ച് യുക്രെയ്ൻ. ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കയറ്റാനായി എത്തിയ ‘കെ.എസ്.എൽ ദേയാങ്’ (KSL Deyang) എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താൻ ബീജിങിലേക്ക് തിരിക്കുന്നതിന് തൊട്ടു മുൻപാണ് ഈ സംഭവം നടന്നത്. റഷ്യൻ സൈന്യം തൊടുത്തുവിട്ട 524 ഡ്രോണുകളും 22 മിസൈലുകളും ഉപയോഗിച്ച് നടത്തിയ വലിയ വ്യോമാക്രമണത്തിന്റെ ഭാഗമായാണ് ചൈനീസ് കപ്പലിനും പ്രഹരമേറ്റത്.

അർദ്ധരാത്രിയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ കപ്പലിന്റെ മുകൾത്തട്ടിന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും വലിയ അപകടങ്ങൾ ഒഴിവായി. കപ്പലിലെ ജീവനക്കാരെല്ലാം ചൈനീസ് പൗരന്മാരാണെന്നും ഇവർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്നും യുക്രെയ്ൻ നാവികസേനാ വക്താവ് ഡിമിട്രോ പ്ലെറ്റൻചുക് വ്യക്തമാക്കി. കടലിൽ കിടക്കുന്നത് ഏത് രാജ്യത്തിന്റെ കപ്പലാണെന്ന് കൃത്യമായി അറിഞ്ഞുകൊണ്ട് തന്നെയാണ് റഷ്യ ഈ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആരോപിച്ചു.

റഷ്യ കരിങ്കടലിൽ നടത്തുന്ന ആക്രമണങ്ങൾ ഇപ്പോൾ യുക്രെയ്ന് മാത്രമല്ല, അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ചൈന പോലുള്ള രാജ്യങ്ങൾക്കും വലിയ ഭീഷണിയാകുകയാണെന്ന് യുക്രെയ്ൻ നാവികസേന ചൂണ്ടിക്കാണിച്ചു. 2022-ൽ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയെ പരസ്യമായി തള്ളിപ്പറയാത്ത ചൈന, ഈ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കരിങ്കടൽ വഴിയുള്ള ധാന്യക്കയറ്റുമതി കരാറിൽ നിന്ന് റഷ്യ പിന്മാറിയ ശേഷം ഒഡേസ തുറമുഖത്തിന് നേരെ റഷ്യൻ ആക്രമണങ്ങൾ പതിവാണെങ്കിലും, ഒരു ചൈനീസ് കപ്പലിന് നേരെ ആക്രമണം ഉണ്ടാകുന്നത് ഇതാദ്യമായാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!