ടൊറന്റോ: ഹാമില്‍ട്ടണ്‍ സെന്റ് ഇഗ്‌നേഷ്യസ് ക്‌നാനായ പള്ളിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇന്റര്‍ ചര്‍ച്ച് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2026 ആവേശകരമായി സമാപിച്ചു. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ മെന്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ മില്‍ട്ടണ്‍ സെന്റ് മാത്യൂസ് മാര്‍ത്തോമാ ചര്‍ച്ചിലെ മനോജ് മാത്യൂസ്, അങ്കിത് മാത്യൂ സഖ്യം ചാമ്പ്യന്മാരായി. മെയ് 16-ന് റോയല്‍ ബാഡ്മിന്റണ്‍ ക്ലബ്ബിലായിരുന്നു ടൂര്‍ണമെന്റ് നടന്നത്. റവ. ഫാ. ബിനോജ് കുര്യാക്കോസ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പള്ളി സെക്രട്ടറി മോന്‍സി തോമസ്, ട്രസ്റ്റി സാജു കുര്യന്‍, ബാഡ്മിന്റണ്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ നിഖില്‍ രാജന്‍, ജേക്കബ് കുര്യന്‍, അജു ജോസഫ്, എക്യുമിനിക്കല്‍ സെക്രട്ടറി സൈമണ്‍ പ്ലാന്തോട്ടം എന്നിവര്‍ പങ്കെടുത്തു. ടൂര്‍ണമെന്റിന്റെ പ്ലാറ്റിനം സ്‌പോണ്‍സറായ ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റ് എബ്രഹാം മാത്യു, ഗോള്‍ഡ് സ്‌പോണ്‍സറായ അലിസണ്‍ ട്രാവല്‍സ് ഉടമ ഷിനു വര്‍ഗീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 16 പള്ളികളില്‍ നിന്നായി 65 ടീമുകളാണ് ഈ കായിക മാമാങ്കത്തില്‍ മാറ്റുരയ്ക്കാനായി എത്തിയത്. കളിക്കാരുടെ മികച്ച കായിക മികവും ആത്മാര്‍ത്ഥമായ പങ്കാളിത്തവും കൊണ്ട് ടൂര്‍ണമെന്റ് വന്‍ വിജയമായി മാറി. നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. മത്സര വിജയികള്‍ക്ക് റണ്ണേഴ്‌സ് അപ്പിനും ആകര്‍ഷകമായ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

മെന്‍സ് ഓപ്പണ്‍ വിഭാഗത്തില്‍ മില്‍ട്ടണ്‍ സെന്റ് മാത്യൂസ് മാര്‍ത്തോമാ ചര്‍ച്ചിലെ മനോജ് മാത്യൂസ്, അങ്കിത് മാത്യൂ സഖ്യം ചാമ്പ്യന്മാരായപ്പോള്‍, സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കാത്തലിക് കത്തീഡ്രലിലെ അജു ഇമ്മാനുവല്‍, ജിമ്മി ജോര്‍ജ് സഖ്യം റണ്ണേഴ്‌സ് അപ്പായി. മെന്‍സ് 40+ വിഭാഗത്തില്‍ സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രലിലെ ജിമ്മി ജോര്‍ജ്, ബിബിന്‍ മാളിയേക്കല്‍ സഖ്യം ഒന്നാം സ്ഥാനവും, മില്‍ട്ടണ്‍ സെന്റ് മാത്യൂസ് മാര്‍ത്തോമാ ചര്‍ച്ചിലെ ജോണ്‍ ജോബ്, അനീഷ് കുര്യന്‍ സഖ്യം രണ്ടാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തില്‍ മില്‍ട്ടണ്‍ സെന്റ് മാത്യൂസ് മാര്‍ത്തോമാ ചര്‍ച്ചിലെ മെലിസ്സ സാറ ജോബ്, ഷെറിയ റിജു സഖ്യം വിജയികളായപ്പോള്‍, സെന്റ് ജോസഫ് സിറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ ടീന ബെലന്റ്, അമുല്യ ടോം സഖ്യം റണ്ണേഴ്‌സ് അപ്പ് ട്രോഫി സ്വന്തമാക്കി. കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് ജെറോംസ് കാത്തലിക് ചര്‍ച്ചിലെ നിതിന്‍ ഗഡെ, അബേല്‍ നെരിക്കാട്ട് സഖ്യം ഒന്നാം സ്ഥാനവും, സെന്റ് പോള്‍സ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ജെസ്വിന്‍ സുരാജ്, സ്റ്റീവ് ടോണി സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഈ വലിയ കായികവിരുന്ന് വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ പള്ളികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും വോളണ്ടിയര്‍മാര്‍ക്കും കളിക്കാര്‍ക്കും സംഘാടക സമിതി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.
