മൺട്രിയോൾ: നഗരത്തിൽ വരും വർഷങ്ങളിൽ ജനസംഖ്യയിൽ വലിയ കുറവുണ്ടാകുമെന്ന് പുതിയ പഠന റിപ്പോർട്ട്. ‘ഒബ്സർവേറ്ററി ഗ്രാൻഡ് മൺട്രിയോൾ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഉണ്ടായ കുറവും പ്രായമായവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവുമാണ് ഇതിന് പ്രധാന കാരണം. ടൊറന്റോ, വൻകൂവർ തുടങ്ങിയ കനേഡിയൻ നഗരങ്ങളിൽ 2050-ഓടെ ജനസംഖ്യ വലിയ തോതിൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് മൺട്രിയോൾ ഈ വിപരീത പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുന്നത്. 2025-ൽ 43 ലക്ഷം ജനസംഖ്യയുണ്ടായിരുന്ന മൺട്രിയോളിൽ 2050 ആകുമ്പോഴേക്കും 1.3 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചേക്കാം.
കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് മൺട്രിയോളിൽ 29 വയസ്സിന് താഴെയുള്ള യുവാക്കളുടെയും കുട്ടികളുടെയും എണ്ണത്തിൽ ഇത്രയും വലിയ കുറവ് രേഖപ്പെടുത്തുന്നത്. അതേസമയം, 65 വയസ്സിന് മുകളിലുള്ള പ്രായമായവരുടെ എണ്ണത്തിൽ 2.9 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. കഴിഞ്ഞ 25 വർഷമായി നഗരത്തിൽ രൂപപ്പെട്ടുവരുന്ന പ്രവണതയാണിതെന്ന് ചൂണ്ടിക്കാണിച്ച ‘കമ്മ്യൂണിറ്റി മെട്രോപൊളിറ്റൻ ഡി മൺട്രിയോൾ’ (CMM), ഉയർന്ന കുടിയേറ്റ നിരക്കും കുറഞ്ഞ പ്രായഘടനയും കാരണം ടൊറന്റോയിൽ 14.6 ശതമാനവും വാൻകൂവറിൽ 21.9 ശതമാനവും ജനസംഖ്യാ വളർച്ച വരും വർഷങ്ങളിൽ ഉണ്ടാകുമെന്നും വ്യക്തമാക്കി.

ഈ ജനസംഖ്യാ വ്യതിയാനം നഗരത്തിന്റെ സമ്പദ്വ്യവസ്ഥയെയും പൊതുധനകാര്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ജോലി ചെയ്യുന്നവരുടെ എണ്ണത്തേക്കാൾ കുട്ടികളുടെയും പ്രായമായവരുടെയും എണ്ണം ഇരട്ടി വേഗത്തിലാണ് ഇവിടെ വർദ്ധിക്കുന്നത്. ഇത് ഭാവിയിൽ നികുതിദായകർക്ക് വലിയ ഭാരമായി മാറും. ജനന നിരക്ക് കുറവായതിനാൽ ഹ്രസ്വകാലത്തേക്ക് തൊഴിൽ പ്രതിസന്ധി മറികടക്കാനും സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്താനും കുടിയേറ്റം വർദ്ധിപ്പിക്കുക മാത്രമാണ് മൺട്രിയോളിന് മുന്നിലുള്ള ഏക പോംവഴിയെന്നും സി.എം.എം റിപ്പോർട്ടിൽ വ്യക്തമാക്കി.
