Saturday, May 30, 2026

വിമാനത്താവളങ്ങളിലെ ലഗേജ് ടാഗ് ചതിക്കുഴി; നഷ്ടപരിഹാരം തേടി കൂടുതൽ കനേഡിയൻ യാത്രക്കാർ രംഗത്ത്

ടൊറന്റോ: വിമാനത്താവളങ്ങളിൽ വെച്ച് യാത്രക്കാരുടെ ലഗേജ് ടാഗുകൾ മാറ്റി ഒട്ടിച്ച് നിരപരാധികളെ അന്താരാഷ്ട്ര മയക്കുമരുന്ന് കേസുകളിൽപ്പെടുത്തുന്ന വൻ തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ടൊറന്റോ സ്വദേശിയായ ഗ്രേസ് (66) എന്ന വയോധികയ്ക്ക് നേരിടേണ്ടി വന്ന ദാരുണമായ അനുഭവം കനേഡിയൻ മാധ്യമമായ ‘W5’ പുറത്തുവിട്ടതിന് പിന്നാലെയാണ്, സമാനമായ ചതിക്കുഴിയിൽ പെട്ട കൂടുതൽ യാത്രക്കാർ വിമാനക്കമ്പനികൾക്കെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്‌. എന്നാൽ സുരക്ഷാ വീഴ്ചയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഇരകൾക്ക് നഷ്ടപരിഹാരം നൽകാനോ വിമാനക്കമ്പനികൾ ഇതുവരെ തയ്യാറായിട്ടില്ല. യാത്രക്കാർ എയർപോർട്ട് കൗണ്ടറുകളിൽ ബാഗുകൾ സുരക്ഷിതമായി ഏൽപ്പിച്ച ശേഷം, വിമാനത്താവളത്തിലെ ചില ജീവനക്കാരുടെ സഹായത്തോടെ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകൾ ഈ ബാഗുകളിലെ ഒറിജിനൽ ടാഗുകൾ അഴിച്ചെടുക്കുന്നു. തുടർന്ന് ഈ ടാഗുകൾ ലഹരിമരുന്ന് അടങ്ങിയ മറ്റ് ബാഗുകളിൽ ഒട്ടിച്ചാണ് കടത്തുന്നത്. ലക്ഷ്യസ്ഥാനത്തെത്തുന്ന വിമാനത്താവളങ്ങളിൽ വെച്ച് മയക്കുമരുന്ന് പിടിക്കപ്പെടുമ്പോൾ, ടാഗിലെ പേര് നോക്കി നിരപരാധികളായ യാത്രക്കാരെ പോലീസ് അറസ്റ്റ് ചെയ്യും. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം കാനഡയിൽ നിന്ന് പുറപ്പെട്ട വിമാനങ്ങളിലെ യാത്രക്കാരുടെ ടാഗുകൾ ഇത്തരത്തിൽ മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

ഫിലിപ്പീൻസ്, ഡൊമിനിക്കൻ റിപ്പബ്ലിക്, ജർമ്മനി, മെക്സിക്കോ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരാണ് ചതിക്കപ്പെട്ടത്. ഇതിൽ പല രാജ്യങ്ങളിലും മയക്കുമരുന്ന് കടത്തിന് മരണശിക്ഷ വരെ ലഭിക്കാം. ഈ മാഫിയാ സംഘത്തെ സഹായിച്ച ടൊറന്റോ പിയേഴ്സൺ എയർപോർട്ടിലെ ആറ് റാംപ്-ബാഗേജ് ജീവനക്കാരെ കനേഡിയൻ പൊലീസ് (RCMP) ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ലഗേജ് ടാഗ് കാഥേ പസഫിക് വിമാനക്കമ്പനി ജീവനക്കാരുടെ കൈവശമിരിക്കെ അക്രമികൾ മാറ്റി ഒട്ടിച്ചതിനെത്തുടർന്ന്, മനില എയർപോർട്ടിൽ വെച്ച് ഗ്രേസ് എന്ന സ്ത്രീ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. 24 കിലോഗ്രാം മെത്താംഫെറ്റാമൈൻ കടത്തി എന്നാരോപിച്ച് 24 ദിവസമാണ് ഈ 66-കാരിക്ക് ഫിലിപ്പീൻസിലെ അതിഭയങ്കരമായ ജയിലിൽ കഴിയേണ്ടി വന്നത്. തനിക്കുണ്ടായ കടുത്ത മാനസിക, ശാരീരിക, സാമ്പത്തിക നഷ്ടങ്ങൾക്ക് വിമാനക്കമ്പനി മറുപടി പറയണമെന്നാണ് ഗ്രേസിന്റെ ആവശ്യം. എന്നാൽ വിമാനത്താവള അതോറിറ്റിയും മൂന്നാം കക്ഷി ബാഗേജ് ഹാൻഡ്‌ലർമാരും ഉൾപ്പെടുന്നതാണ് സുരക്ഷാ ക്രമീകരണമെന്നും തങ്ങൾക്ക് മാത്രമായി ഇതിൽ ഉത്തരവാദിത്തമില്ലെന്നുമാണ് വിമാനക്കമ്പനികളുടെ വാദം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!