കുവൈറ്റ്: മേഖലയിലുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണികളെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി താല്‍ക്കാലികമായി അടച്ചിട്ടിരുന്ന കുവൈറ്റ് വ്യോമപാത വീണ്ടും തുറന്നു. നിലവില്‍ ആക്രമണ ഭീഷണികള്‍ ഒഴിഞ്ഞതായും രാജ്യത്തെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും സുരക്ഷാ വകുപ്പുകള്‍ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 6:15 ഓടെ എയര്‍ നാവിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതോതില്‍ പുനരാരംഭിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

കടുത്ത സൈനിക നീക്കങ്ങള്‍ നടന്ന രാത്രിയില്‍ വ്യോമപാത പെട്ടെന്ന് അടക്കേണ്ടി വന്നത് വിമാന സര്‍വ്വീസുകളെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കുവൈറ്റ് എയര്‍വേസ്, ജസീറ എയര്‍വേസ് എന്നിവയുടെ 11 വിമാനങ്ങള്‍ അയല്‍രാജ്യങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിടേണ്ടി വന്നു. വ്യോമപാത തുറന്നതോടെ വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍വ്വീസുകളും നിലവില്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്ന് വ്യോമയാന അധികൃതര്‍ വ്യക്തമാക്കി.
