Wednesday, June 10, 2026

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. കേസില്‍ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് അദ്ദേഹം. ഇതിന് മുമ്പ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനും ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരന്‍ കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പരിശോധിച്ചെന്ന ആക്ഷേപം അതിജീവിത ഉയര്‍ത്തിയിരുന്നു. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്മാറിയതെന്നാണ് ലഭിക്കുന്ന വിവരം.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം സംഭവിച്ചതടക്കമുള്ള വിഷയങ്ങളില്‍ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങളില്‍ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന് നേരത്തെ പരോക്ഷമായ ബന്ധമുണ്ടെന്നതിനാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ ധാര്‍മികമായ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന വിലയിരുത്തലാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

അതേസമയം, കേസില്‍ മുന്‍ അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കി ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും വിശദമായ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!