Wednesday, June 10, 2026

ലോകകപ്പ്: വന്‍കൂവറിലും ടൊറന്റോയിലും ഹോട്ടല്‍ ബുക്കിങില്‍ വന്‍ ഇടിവ്; പകുതിപോലും നിറയാതെ മുറികള്‍

ഓട്ടവ: ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കാനഡയിലെ ആതിഥേയ നഗരങ്ങളായ വന്‍കൂവറിലും ടൊറന്റോയിലും ഹോട്ടല്‍ ബുക്കിങില്‍ വന്‍ ഇടിവ്. ടൂര്‍ണമെന്റ് പ്രമാണിച്ച് വന്‍ ജനത്തിരക്കും ഹോട്ടല്‍ മുറികള്‍ക്ക് അമിത ഡിമാന്‍ഡും ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പകുതിയിലധികം മുറികളും ഒഴിഞ്ഞുകിടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഹോട്ടല്‍ അനലിറ്റിക്‌സ് സ്ഥാപനമായ ‘കോസ്റ്റാര്‍’ (CoStar) ജൂണ്‍ ഒന്നിന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വന്‍കൂവറിലെയും ടൊറന്റോയിലെയും ഹോട്ടലുകളില്‍ പകുതിപോലും ബുക്കിങ്് നടന്നിട്ടില്ല. വന്‍കൂവറില്‍ 48 ശതമാനവും ടൊറന്റോയില്‍ 47 ശതമാനവും മാത്രമാണ് നിലവിലെ ഒക്യുപെന്‍സി നിരക്ക്. എന്നാല്‍ കാനഡ, യുഎസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഈ രണ്ട് കനേഡിയന്‍ നഗരങ്ങളിലെ അവസ്ഥ ഭേദമാണെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ നഗരങ്ങളില്‍ സാന്‍ ഫ്രാന്‍സിസ്‌കോയ്ക്ക് മാത്രമാണ് 40 ശതമാനത്തിന് മുകളില്‍ ബുക്കിങ് ഉള്ളത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ അപേക്ഷിച്ച് വന്‍കൂവറില്‍ ഹോട്ടല്‍ ബുക്കിങില്‍ 25 ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ലോകകപ്പ് മൂലമുണ്ടാകുന്ന തിരക്കും ബഹളവും ഭയന്ന് സാധാരണയായി എത്താറുള്ള വിനോദസഞ്ചാരികള്‍ ഈ നഗരങ്ങളെ ഒഴിവാക്കുന്നതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വാടക ഇനത്തില്‍ വന്‍ വരുമാനം പ്രതീക്ഷിച്ച എയര്‍ബിഎന്‍ബി (Airbnb) ഉടമകളും നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എങ്കിലും വിപണിയില്‍ വരുംദിവസങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം അധികൃതര്‍. ഹോട്ടല്‍ നിരക്കുകള്‍ ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ അവസാന നിമിഷം ബുക്കിങിനായി കാത്തിരിക്കുന്നവരാണ് ഫുട്‌ബോള്‍ ആരാധകരില്‍ ഭൂരിഭാഗവുമെന്നും, കഴിഞ്ഞ ആഴ്ചകളില്‍ ബുക്കിങിില്‍ വര്‍ധന ദൃശ്യമാകുന്നുണ്ടെന്നും ഡെസ്റ്റിനേഷന്‍ വാന്‍കൂവര്‍ സി.ഇ.ഒ റോയ്‌സ് ചിന്‍ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!