ഫിഫ ലോകകപ്പിൽ നോർവേക്കെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഫ്രാൻസ് ഫോർവേഡ് ഉസ്മാൻ ഡെംബെലെയ്ക്ക് ചരിത്ര നേട്ടം. 1994-ൽ ഒലെഗ് സലെങ്കോയ്ക്ക് ശേഷം ലോകകപ്പിൽ ആദ്യ പകുതിയിൽ തന്നെ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി ഡെംബെലെ മാറി. വെള്ളിയാഴ്ച ഫോക്‌സ്‌ബറോയിൽ നടന്ന മത്സരത്തിലാണ് താരത്തിന്റെ ഈ അപൂർവ്വ നേട്ടം.

മത്സരം തുടങ്ങി വെറും 32 മിനിറ്റുകൾക്കൊണ്ടാണ് ഡെംബെലെ ഹാട്രിക്ക് പൂർത്തിയാക്കിയത്. ലോകകപ്പ് ചരിത്രത്തിൽ കിക്കോഫിന് ശേഷം പിറക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഹാട്രിക്കാണിത്. 1954 ലോകകപ്പിൽ ചെക്കോസ്ലോവാക്യക്കെതിരെ 24 മിനിറ്റിൽ ഹാട്രിക്ക് നേടിയ ഓസ്ട്രിയയുടെ എറിക് പ്രോബ്സ്റ്റിന്റെ പേരിലാണ് ഈ റെക്കോർഡ്. ജസ്റ്റ് ഫോണ്ടെയ്ൻ, കിലിയൻ എംബാപ്പെ എന്നിവർക്ക് ശേഷം ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഫ്രഞ്ച് താരം കൂടിയാണ് ഡെംബെലെ.
ആദ്യ പകുതി അവസാനിക്കുമ്പോൾ ഫ്രാൻസ് 3-1 ന് മുന്നിലാണ്. ഏഴാം മിനിറ്റിൽ മികച്ചൊരു ഫിനിഷിംഗിലൂടെ ഡെംബെലെയാണ് ഫ്രാൻസിനായി ആദ്യം വലകുലുക്കിയത്. 20-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഇടംകാൽ ഷോട്ടിലൂടെ താരം ലീഡ് ഉയർത്തി. തൊട്ടടുത്ത മിനിറ്റിൽ (21′) തിയോ ആസ്ഗാർഡിലൂടെ നോർവേ ഒരു ഗോൾ മടക്കിയെങ്കിലും, 32-ാം മിനിറ്റിൽ ശക്തമായൊരു ഫിനിഷിംഗിലൂടെ ബാളൺ ഡി ഓർ ജേതാവ് കൂടിയായ ഡെംബെലെ തന്റെ ഹാട്രിക്ക് പൂർത്തിയാക്കുകയായിരുന്നു. ഈ ടൂർണമെന്റിൽ ഇതുവരെ പിറന്ന 182 ഗോളുകളിൽ, ഫീൽഡിലുള്ള 11 ഫ്രഞ്ച് താരങ്ങളും പങ്കാളികളായ ആദ്യ ഗോൾ കൂടിയായിരുന്നു ഡെംബെലെയുടെ ഈ ഹാട്രിക്ക് ഗോൾ എന്ന് ഓപ്റ്റാജോ (OptaJoe) ഡാറ്റ വ്യക്തമാക്കുന്നു.
അതേസമയം, സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും എർലിംഗ് ഹാലൻഡും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശയായിരുന്നു ഫലം. ഹാലൻഡ്, ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് എന്നിവരുൾപ്പെടെ 10 പ്രധാന താരങ്ങൾക്ക് നോർവേ മാനേജർ സ്റ്റാലെ സോൽബാക്കൻ ഈ മത്സരത്തിൽ വിശ്രമം അനുവദിച്ചിരുന്നു.
