Monday, June 29, 2026

96 വർഷത്തെ കാത്തിരിപ്പിന് വിരാമം; ലോകകപ്പിൽ ആദ്യമായി ഫ്രാൻസ്–സ്വീഡൻ പോരാട്ടം

ലോക ഫുട്ബോളിലെ രണ്ട് വലിയ ശക്തികൾ. നിരവധി ഓർമ്മകളും തലമുറകളെയും സൃഷ്ടിച്ച ടീമുകൾ. എന്നാൽ ലോകകപ്പിൽ മാത്രം ഇതുവരെ ഒരിക്കലും നേർക്കുനേർ വന്നിട്ടില്ല. ഏകദേശം ഒരു നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷം ഫ്രാൻസും സ്വീഡനും ഒടുവിൽ ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടുന്നു.

ഫിഫ ലോകകപ്പ് 2026 പ്രീക്വാർട്ടറിൽ ജൂൺ 30ന് നടക്കുന്ന പോരാട്ടം വെറും നോക്കൗട്ട് മത്സരം മാത്രമല്ല. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വൈകി സംഭവിക്കുന്ന ആദ്യ കൂടിക്കാഴ്ചകളിലൊന്നുമാണ്.

ഈ കഥയുടെ തുടക്കം 1958ലേക്കാണ് പോകുന്നത്.സ്റ്റോക്ക്ഹോമിൽ നടന്ന ലോകകപ്പിൽ ഫ്രാൻസും സ്വീഡനും ഫൈനലിൽ എത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. റെയ്മണ്ട് കോപ്പയും ജസ്റ്റ് ഫോണ്ടൈനും ഒരു വശത്ത്, നിൾസ് ലീഡ്‌ഹോമും സംഘവും മറുവശത്ത്. പക്ഷേ ആ കഥ പൂർത്തിയായില്ല.

സെമിഫൈനലിൽ 17 വയസുകാരനായ പെലെ ബ്രസീലിനെ 5–2ന്റെ ജയത്തിലേക്ക് നയിച്ചതോടെ ഫ്രാൻസിന്റെ യാത്ര അവിടെ അവസാനിച്ചു. അന്ന് നടക്കാതെ പോയ ആ ഏറ്റുമുട്ടലാണ് വർഷങ്ങളോളം കാത്തിരിപ്പായി മാറിയത്.പിന്നീടും അവസരങ്ങൾ വന്നിരുന്നു. പക്ഷേ ഓരോ തവണയും ഫ്രാൻസും സ്വീഡനും തമ്മിലുള്ള ലോകകപ്പ് പോരാട്ടം ഒഴിഞ്ഞുമാറി.

1950ൽ സ്വീഡൻ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ഫ്രാൻസ് ലോകകപ്പിൽ പങ്കെടുത്തില്ല. 1994ൽ സ്വീഡൻ വീണ്ടും മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഫ്രാൻസ് ഫൈനൽ റൗണ്ടിലെത്തിയിരുന്നില്ല.

1998, 2006, 2018, 2022 ലോകകപ്പുകളിൽ ഫ്രാൻസ് ഫൈനലിലെത്തിയെങ്കിലും സ്വീഡൻ ഉണ്ടായിരുന്ന അവസരങ്ങളിൽ പോലും ഇരുടീമുകളും ഡ്രോയുടെ വ്യത്യസ്ത ഭാഗങ്ങളിലായിരുന്നു.അതുകൊണ്ട് ഇവർ പരസ്പരം പരിചയമില്ലാത്ത ടീമുകളല്ല.

1992 യൂറോയിൽ ഇരു ടീമുകളും 1–1ന് സമനില പിടിച്ചിരുന്നു. 2012 യൂറോയിൽ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ മനോഹരമായ വോളി ഗോളിലൂടെ സ്വീഡൻ ഫ്രാൻസിനെ 2–0ന് തോൽപ്പിച്ചു. പിന്നീട് 2018 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ഇരുടീമുകളും സ്വന്തം മൈതാനത്ത് 2–1ന് ജയിച്ചു.

എന്നാൽ ഇത്തവണ ചിത്രം വേറെയാണ്.ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് ജയങ്ങളും 10 ഗോളുകളും സ്വന്തമാക്കി ഫ്രാൻസ് ശക്തമായ ഫോമിലാണ് നോക്കൗട്ടിലെത്തുന്നത്. സ്വീഡൻ മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായാണ് മുന്നേറിയത്.

ഫ്രാൻസിനെക്കുറിച്ച് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പറഞ്ഞത് ഇങ്ങനെയാണ്:“അവരെ തോൽപ്പിക്കാൻ കഴിയുന്ന ടീമുകൾ അധികമില്ല. അവർ വേഗം കുറയ്ക്കുന്ന നിമിഷങ്ങളിലാണ് എതിരാളികൾക്ക് അവസരം ലഭിക്കുന്നത്. അവർ മറ്റൊരു തലത്തിലാണ് കളിക്കുന്നത്.”

അതേസമയം ഫ്രാൻസ് പരിശീലകൻ ദിദിയേ ദെഷാംപ് അലംഭാവത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വീഡൻ പരിശീലക സംഘത്തിലുള്ള സെബാസ്റ്റ്യൻ ലാർസൺ ഇപ്പോഴും പ്രതീക്ഷ കൈവിടുന്നില്ല.

“ഞങ്ങളുടെ ചരിത്രം നോക്കിയാൽ ഇതിനേക്കാൾ ശക്തരായ ടീമുകളെ ഞങ്ങൾ തോൽപ്പിച്ചിട്ടുണ്ട്. ഇത് ഫ്രാൻസാണെങ്കിലും വിശ്വസിക്കാൻ കാരണമുണ്ട്,” അദ്ദേഹം പറഞ്ഞു.

അങ്ങനെ 96 വർഷം നീണ്ട കാത്തിരിപ്പിന് ശേഷം ലോകകപ്പ് വേദിയിൽ ഫ്രാൻസും സ്വീഡനും ആദ്യമായി നേർക്കുനേർ എത്തുന്നു.

കണക്കുകൾ ഫ്രാൻസിനൊപ്പമായിരിക്കാം. പക്ഷേ ലോകകപ്പ് ചരിത്രം ഒരിക്കലും കണക്കുകൾ കൊണ്ട് മാത്രം എഴുതപ്പെട്ടിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!