വാഷിങ്ടൺ: കാനഡയിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ പുതിയ ഇറക്കുമതി തീരുവ (ടാരിഫ്) ഏർപ്പെടുത്തുന്ന ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഹോക്കി സ്റ്റിക്കുകൾ, വൈൻ, സിമന്റ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങളെ ബാധിക്കുന്ന ഈ പുതിയ തീരുവകൾ 30 ദിവസത്തിനകം പ്രാബല്യത്തിൽ വരും.

അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ പ്രസ്താവന പ്രകാരം, അമേരിക്കൻ മദ്യത്തിന് ചില കനേഡിയൻ പ്രവിശ്യകൾ ഏർപ്പെടുത്തിയ വിലക്ക്, കാനഡയുടെ സപ്ലൈ മാനേജ്ഡ് ഡയറി സംവിധാനം, അമേരിക്കൻ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ക്വോട്ടകൾ എന്നിവയ്ക്കുള്ള പ്രതികരണമായാണ് ഈ നടപടി.
പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്കയുടെ പുതിയ തീരുമാനം കാനഡ–അമേരിക്ക–മെക്സിക്കോ വ്യാപാര കരാറായ CUSMA-യുടെ ആത്മാവിനും വ്യവസ്ഥകൾക്കും വിരുദ്ധമായ ഏകപക്ഷീയ നടപടികളുടെ തുടർച്ചയാണെന്ന് വിമർശിച്ചു. കാനഡയുടെ പരമാധികാരത്തെ ബാധിക്കുന്ന ഭീഷണികൾക്കെതിരെ രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും വ്യവസായങ്ങളെയും സംരക്ഷിക്കാൻ ഫെഡറൽ സർക്കാരും പ്രവിശ്യകളും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൺസർവേറ്റീവ് പാർട്ടി ട്രംപിന്റെ തീരുമാനത്തെ ശക്തമായി വിമർശിച്ചു. “കാനഡക്കാരെ ആരുടെയും അടിക്കല്ലാക്കാൻ അനുവദിക്കില്ല. കാനഡയുടെ തൊഴിലാളികളെ ലക്ഷ്യമിടുന്ന ഈ തീരുവകൾ ട്രംപ് ഉടൻ പിൻവലിക്കണം,” എന്ന് പാർട്ടി എംപിമാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതോടൊപ്പം, കാനഡയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ വ്യാപാര കരാർ ഉറപ്പാക്കുന്നതിൽ കാർണി സർക്കാർ പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു.
വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെ വിശദീകരണമനുസരിച്ച്, ഈ പുതിയ തീരുവകൾക്ക് CUSMA അനുസരിച്ചുള്ള ഇളവുകൾ ബാധകമാകില്ല. എന്നാൽ ഊർജം, പൊട്ടാഷ്, നിർണായക ധാതുക്കൾ, സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ എന്നിവയ്ക്ക് ഇതിനകം നിലവിലുള്ള പ്രത്യേക മേഖലാ തീരുവകൾ തുടരും.

അമേരിക്കൻ മദ്യത്തിന് കാനഡയിലെ ചില പ്രവിശ്യകൾ ഏർപ്പെടുത്തിയ വിലക്കാണ് ട്രംപ് ഭരണകൂടത്തെ ഏറ്റവും കൂടുതൽ അസ്വസ്ഥരാക്കുന്ന വിഷയങ്ങളിലൊന്ന്. സസ്‌കാച്ചുവനും ആൽബർട്ടയും അമേരിക്കൻ മദ്യം വീണ്ടും വിൽപ്പനയ്ക്ക് അനുവദിച്ചെങ്കിലും, ഒന്റാരിയോയും ക്യൂബെക്കും ഇപ്പോഴും വിലക്ക് തുടരുകയാണ്.
ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് , “ഈ പുതിയ തീരുവകൾ നടപ്പായാൽ കാനഡയും ഡോളറിന് ഡോളർ, തീരുവയ്ക്ക് തീരുവ എന്ന നിലപാടിൽ ശക്തമായി തിരിച്ചടിക്കണം,” എന്ന് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.
അമേരിക്കൻ വാഹന നിർമ്മാതാക്കൾ കാനഡയിൽ നിക്ഷേപം നടത്താൻ നിർബന്ധിതരാകുന്ന തരത്തിലാണ് വാഹന ഇറക്കുമതി ക്വോട്ടകൾ നടപ്പാക്കുന്നതെന്നും, കാനഡയുടെ ഡയറി നയവും അമേരിക്കൻ കയറ്റുമതിക്കാർക്ക് അന്യായമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്നുമാണ് വൈറ്റ് ഹൗസിന്റെ ആരോപണം.

അതേസമയം, കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റും സി.ഇ.ഒയുമായ കാൻഡസ് ലെയിങ്, പുതിയ തീരുവകൾ പ്രാബല്യത്തിൽ വരാൻ ഇനി 30 ദിവസം ബാക്കിയുള്ളതിനാൽ ഇരു രാജ്യങ്ങളും ഈ സമയം ഫലപ്രദമായ ചർച്ചകൾക്കായി ഉപയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു.
പുതിയ അമേരിക്കൻ നീക്കം കാനഡ–അമേരിക്ക വ്യാപാര ബന്ധത്തിൽ കൂടുതൽ സംഘർഷത്തിന് വഴിവെക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
