റിയാദ്: സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാർക്ക് അസീർ പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്തേക്ക് വൻതോതിൽ ഹാഷിഷ് അനധികൃതമായി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ സുരക്ഷാസേനയുടെ പിടിയിലായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് അസീറിലെ വിചാരണ കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചു.

വിചാരണക്കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെ ശിക്ഷ നടപ്പാക്കുന്നതിനുള്ള ഭരണാധികാരിയുടെ റോയൽ ഓർഡർ പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രതികളുടെയും വധശിക്ഷ നടപ്പാക്കിയത്.മയക്കുമരുന്ന് കടത്തും ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളും രാജ്യസുരക്ഷയ്ക്കും സമൂഹത്തിനും ഗുരുതര ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമപ്രകാരം കർശന നടപടികൾ തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
