ഓട്ടവ: കാനഡയുടെ ഔദ്യോഗിക ടൂറിസം മാര്‍ക്കറ്റിങ് ഏജന്‍സിയായ ‘ഡെസ്റ്റിനേഷന്‍ കാനഡ’യുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) മുന്‍ ഫെഡറല്‍ എന്‍.ഡി.പി നേതാവ് ജഗ്മീത് സിങിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ടൂറിസം മേഖലയില്‍ മുന്‍പരിചയമില്ലാത്ത സിങിന്റെ നിയമന നീക്കത്തിനെതിരെ പ്രതിപക്ഷവും ടൂറിസം വ്യവസായ മേഖലയിലെ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
2021-ലെ ഫെഡറല്‍ തിരഞ്ഞെടുപ്പിന് ശേഷം ‘കോണ്‍ഫിഡന്‍സ് ആന്റ് സപ്ലൈ’ (Confidence-and-Supply) കരാറിലൂടെ ജസ്റ്റിന് ട്രൂഡോ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ജഗ്മീത് സിങ്. എന്‍.ഡി.പി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഈ കരാറിന്റെ ബലത്തിലാണ് 2024 വരെ ട്രൂഡോ സര്‍ക്കാര്‍ ഭരണം തുടര്‍ന്നത്.

ക്രൗണ്‍ കോര്‍പ്പറേഷന്റെ തലവന്‍ പ്രതിവര്‍ഷം 3,50,000 ഡോളര്‍ വരെ (ഏകദേശം 3.5 ലക്ഷം കനേഡിയന്‍ ഡോളര്‍) ശമ്പളത്തിന് അര്‍ഹതയുണ്ട്. വര്‍ഷങ്ങളോളം എം.പി ആയിരുന്ന ജഗ്മീത് സിങ് ഫെഡറല്‍ പാര്‍ലമെന്ററി പെന്ഷന് അര്‍ഹനായതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമന സാധ്യതകള്‍ തെളിയുന്നത്.
2017 മുതല്‍ 2025 വരെ എന്‍.ഡി.പി നേതാവായും 2019 മുതല്‍ 2025 വരെ ബര്‍ണബി സൗത്തില്‍ നിന്നുള്ള എം.പി ആയും പ്രവര്‍ത്തിച്ച സിങ്, അതിനുമുമ്പ് അഭിഭാഷകനായിരുന്നു. 2025-ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.പി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടി നേതൃസ്ഥാനം രാജിവെക്കുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണത്തിന് ജഗ്മീത് സിങ് ഇതുവരെ തയ്യാറായിട്ടില്ല.
