ഓട്ടവ: കാനഡയിൽ എച്ച്.ഐ.വി (HIV) രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധന രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ട്. പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022നെ അപേക്ഷിച്ച് 2024ൽ പുതിയ എച്ച്.ഐ.വി കേസുകൾ 23 ശതമാനം വർധിച്ചു. 2022ൽ 2,050 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. 2024ൽ ഇത് 2,517 ആയി ഉയർന്നു.
രാജ്യത്ത് വർഷങ്ങളായി കൈവരിച്ചിരുന്ന രോഗപ്രതിരോധ നേട്ടങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് പുതിയ കണക്കുകളെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. മുൻകാലങ്ങളിൽ പ്രധാനമായും വലിയ നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന രോഗബാധ ഇപ്പോൾ ഗ്രാമീണ മേഖലകളിലേക്കും ആരോഗ്യ സേവനങ്ങൾ പരിമിതമായ വിദൂര പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
ദേശീയ ശരാശരിയേക്കാൾ മൂന്നര മടങ്ങ് ഉയർന്ന എച്ച്.ഐ.വി നിരക്ക് രേഖപ്പെടുത്തിയതിനെ തുടർന്ന് മാനിറ്റോബ പ്രവിശ്യയിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സമീപ പ്രവിശ്യയായ സസ്കാച്വാനിലും രോഗവ്യാപനം ആശങ്കാജനകമായി തുടരുകയാണ്.

2030ഓടെ എച്ച്.ഐ.വി നിർമാർജനം ചെയ്യുക എന്ന ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യം കൈവരിക്കാൻ ആവശ്യമായ രോഗനിർണയവും ചികിത്സയും പ്രതിരോധ നടപടികളും ശക്തിപ്പെടുത്തേണ്ട സാഹചര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലും ആരോഗ്യ സേവനങ്ങൾ പരിമിതമായ പ്രദേശങ്ങളിലും രോഗവ്യാപനം നിയന്ത്രിക്കുന്നത് കൂടുതൽ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ബി.സി. സെന്റർ ഫോർ എക്സലൻസ് ഇൻ എച്ച്.ഐ.വി ഡയറക്ടർ ഡോ. ജൂലിയോ മൊണ്ടാനറുടെ അഭിപ്രായത്തിൽ, രോഗവ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ പുറത്തുവിടുകയും പ്രതിരോധ മരുന്നുകൾ ദേശീയ ഫാർമകെയർ പദ്ധതിയിലൂടെ കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
ഫണ്ടുകളുടെ കുറവും സാമ്പത്തിക വെല്ലുവിളികളും പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും, നേരത്തെയുള്ള പരിശോധന, തുടർച്ചയായ ചികിത്സ, പ്രതിരോധ മരുന്നുകളുടെ ലഭ്യത എന്നിവ ഉറപ്പാക്കിയാൽ രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുമെന്ന് ആരോഗ്യ പ്രവർത്തകർ വിലയിരുത്തുന്നു.
