ഓട്ടവ: ഇറാഖിലെ ഷിയാ സായുധ സംഘടനയായ കറ്റായിബ് ഹിസ്ബുള്ളയെ
ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡര്‍ പിയേര്‍ പൊളിയേവ്. പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരിക്ക് (Gary Anandasangaree) അയച്ച കത്തിലാണ് പൊളിയേവ് ഈ ആവശ്യം ഉന്നയിച്ചത്. ടൊറന്റോയിലുള്ള യു.എസ്. കോണ്‍സുലേറ്റിന് നേരെ നടന്ന വെടിവെപ്പിലും ജൂതപ്പള്ളിക്ക് (സിനഗോഗ്) നേരെയുണ്ടായ ആക്രമണത്തിലും ഇറാന്‍ പിന്തുണയുള്ള കറ്റായിബ് ഹിസ്ബുള്ള ഗ്രൂപ്പിന് പങ്കുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊളിയേവ് രംഗത്തെത്തിയത്.
കറ്റായിബ് ഹിസ്ബുള്ളയുടെ കമാന്‍ഡറെന്ന് ആരോപിക്കപ്പെടുന്ന ഇറാഖി പൗരന്‍ മുഹമ്മദ് ബഖര്‍ സാദ് ദാവൂദ് അല്‍ സാദി കനേഡിയന്‍ മണ്ണില്‍ ഭീകരാക്രമണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അമേരിക്കന്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊളിയേവ് ചൂണ്ടിക്കാട്ടി. അമേരിക്കയിലെയും ഇസ്രയേലിലെയും സംഘര്‍ഷങ്ങള്‍ക്ക് പ്രതികാരമായി വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി പതിനെട്ടോളം ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടതിന് അല്‍ സാദിക്കെതിരെ മന്‍ഹാട്ടനിലെ ഫെഡറല്‍ കോടതിയില്‍ വിചാരണ നടക്കുന്നുണ്ട്. ഇതില്‍ രണ്ടെണ്ണം കാനഡയിലായിരുന്നു. ഒന്ന് ടൊറന്റോയിലെ യു.എസ് കോണ്‍സുലേറ്റിന് നേരെ മാര്‍ച്ച് മാസത്തിലുണ്ടായ വെടിവെപ്പും മറ്റൊന്ന് ഒരു സിനഗോഗിന് നേരെയുണ്ടായ ആക്രമണവും.
കറ്റായിബ് ഹിസ്ബുള്ളയ്ക്കും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനും (IRGC) സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നല്‍കിയതിനും അല്‍ സാദിക്കെതിരെ കേസുണ്ട്. ഈ രണ്ട് സംഘടനകളെയും അമേരിക്ക നിലവില്‍ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കറ്റായിബ് ഹിസ്ബുള്ളയെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചാല്‍, അവരുടെ സാമ്പത്തിക ഇടപാടുകളും സ്വത്തുക്കളും കണ്ടുകെട്ടാനും, സംഘടനയിലെ അംഗങ്ങള്‍ക്ക് കാനഡയിലേക്ക് പ്രവേശിക്കുന്നതിനോ രാജ്യത്ത് തുടരുന്നതിനോ വിലക്കേര്‍പ്പെടുത്താനും കനേഡിയന്‍ അധികൃതര്‍ക്ക് സാധിക്കുമെന്ന് പൊളിയേവ് കത്തില്‍ വ്യക്തമാക്കി. വീണ്ടുമൊരു ആക്രമണം ഉണ്ടാകുന്നതുവരെ സര്‍ക്കാര്‍ കാത്തിരിക്കാതെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
