വിക്ടോറിയ: ബിട്ടിഷ് കൊളംബിയ പ്രവിശ്യയില്‍ കാട്ടുതീ വ്യാപിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒകനാഗന്‍ തടാകത്തിന്റെ വടക്കന്‍ മേഖലയില്‍ പടര്‍ന്നുപിടിച്ച ‘ബ്രാഡ്ലി ക്രീക്ക്’ കാട്ടുതീ വാരാന്ത്യത്തില്‍ ഇരട്ടിയിലധികം വിസ്തൃതിയിലേക്ക് പടര്‍ന്നതോടെ ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീയെ തുടര്‍ന്ന് ഒകനാഗന്‍ ഇന്ത്യന്‍ ബാന്‍ഡ്, സ്പാല്ലംചീന്‍ നഗരസഭ, സ്പ്ലാറ്റ്സിന്‍ ഫസ്റ്റ് നേഷന്‍ എന്നീ ഗോത്രവര്‍ഗ്ഗ മേഖലകളില്‍ അടിയന്തര ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം പ്രവിശ്യയിലുടനീളം 5,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി ബി.സി. വൈല്‍ഡ്ഫയര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ക്ലിഫ് ചാപ്മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഒകനാഗന്‍ തടാകത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഹൈവേ 97 ഉള്‍പ്പെടെ പ്രവിശ്യയിലെ പ്രധാന പാതകള്‍ കാട്ടുതീ കാരണം പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്. നോര്‍ത്ത് ഒകനാഗനില്‍ പടരുന്ന ബ്രാഡ്ലി ക്രീക്ക് കാട്ടുതീയുടെ വിസ്തൃതി 10 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 26 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നതായി ബി.സി. വൈല്‍ഡ്ഫയര്‍ സര്‍വീസ് അറിയിച്ചു.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വനസാഹചര്യങ്ങള്‍ക്കും തീയുടെ ദ്രുതഗതിയിലുള്ള പടര്‍ച്ചയ്ക്കുമാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് ക്ലിഫ് ചാപ്മാന്‍ പറഞ്ഞു. തടാകത്തിന് മുകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ 115 കിലോമീറ്റര്‍ വേഗതയിലുമുള്ള കനത്ത കാറ്റാണ് തീ അതിവേഗം പടരാന്‍ ഇടയാക്കിയത്.സാഹചര്യം വഷളായതോടെ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ആംസ്ട്രോങ് നഗരത്തിലെ 15 വസ്തുവകകള്‍ക്കും കൊളംബിയ ഷുസ്വാപ് റീജിയണല്‍ ഡിസ്ട്രിക്റ്റിലെ 217-ഓളം വസ്തുവകകള്‍ക്കും അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഈ മേഖലയില്‍ മാത്രം അഞ്ഞൂറോളം ആളുകളെ ഈ നിര്‍ദ്ദേശം ബാധിച്ചിട്ടുണ്ട്.
ഇതിനുപുറമെ, ഒകനാഗന്‍ തടാകത്തിന് തെക്കുഭാഗത്തായി ഉടലെടുത്ത ‘ക്വില്‍പിറ്റക് ക്രീക്ക്’ കാട്ടുതീയെത്തുടര്‍ന്ന് കെലോണയ്ക്ക് 30 കിലോമീറ്റര്‍ വടക്കായുള്ള പ്രദേശങ്ങളിലെ 81-ഓളം വസ്തുവകകള്‍ ഒഴിപ്പിക്കാന്‍ സെന്‍ട്രല്‍ ഒകനാഗന്‍ റീജിയണല്‍ ഡിസ്ട്രിക്റ്റ് ഉത്തരവിട്ടു. വെസ്റ്റ്സൈഡ് റോഡ് വഴി തെക്കന്‍ ദിശയിലേക്ക് മാറാനാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രവിശ്യയിലുടനീളം 31 പുതിയ കാട്ടുതീ ബാധകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ പ്രവിശ്യയില്‍ ആകെ 42 ഒഴിപ്പിക്കല്‍ ഉത്തരവുകളും 40 ജാഗ്രതാ നിര്‍ദ്ദേശങ്ങളുമാണ് നിലവിലുള്ളത്, ഇത് അയ്യായിരത്തിലധികം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്നു. ഈസ്റ്റ് കൂട്ടിനേയിലെ ‘വെയ്റ്റ് ക്രീക്ക്’ കാട്ടുതീ ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയതിനെ തുടര്‍ന്ന് താ താ ക്രീക്ക്, വസ തടാകം എന്നിവിടങ്ങളില്‍ നിന്ന് ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിച്ച് ക്രാന്‍ബ്രൂക്കിലെ സെന്ററിലേക്ക് മാറ്റി. കൂടാതെ, 1,039 ചതുരശ്ര കിലോമീറ്ററില്‍ പടര്‍ന്നുപന്തലിച്ച ‘പിയര്‍ ലേക്ക്’ കാട്ടുതീയും ബോണപാര്‍ട്ട് പ്ലേറ്റോ മേഖലയിലെ ‘ഫ്രഞ്ച് ബാര്‍ ക്രീക്ക്’ കാട്ടുതീയും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
തണുത്ത കാലാവസ്ഥയും കാറ്റിന്റെ വേഗത കുറഞ്ഞതും വരും മണിക്കൂറുകളില്‍ തീയുടെ തീവ്രത തല്‍ക്കാലം കുറച്ചേക്കാമെങ്കിലും, കടുത്ത വരള്‍ച്ച നിലനില്‍ക്കുന്നതിനാല്‍ വെയില്‍ കനത്താല്‍ വീണ്ടും തീ പടരാനുള്ള സാധ്യത കൂടുതലാണെന്ന് വൈല്‍ഡ്ഫയര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കുന്നു. ഔദ്യോഗിക വെബ്സൈറ്റുകളും കമ്മ്യൂണിക്കേഷന്‍ ചാനലുകളും വഴി വിവരങ്ങള്‍ നിരന്തരം നിരീക്ഷിക്കാന്‍ അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
