ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) വ്യോമയാന മേഖലയിലെ പ്രമുഖന് വില്ലി വാല്‍ഷ് ചുമതലയേറ്റെടുത്തു. മുന്‍ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് വില്ലി വാല്‍ഷ് എത്തുന്നത്. ഇന്‍ഡിഗോയുടെ ആഗോള വികസനത്തിനും അടുത്ത ഘട്ട വളര്‍ച്ചയ്ക്കും നേതൃത്വം നല്‍കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ മാര്‍ച്ച് 31-നാണ് ഇന്‍ഡിഗോയുടെ ഭരണസമിതി വില്ലി വാല്‍ഷിനെ പുതിയ സിഇഒ ആയി തെരഞ്ഞെടുത്തത്. മുന്‍പ് ബ്രിട്ടീഷ് എയര്‍വേയ്സ് സിഇഒ ആയും ആഗോള വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഐ.എ.റ്റി.എ.യുടെ (IATA) ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം തിങ്കളാഴ്ചയാണ് ഔദ്യോഗികമായി ചുമതലയേറ്റെടുത്തത്. കേഡറ്റ് പൈലറ്റായി കരിയര്‍ ആരംഭിച്ച് നാല് പതിറ്റാണ്ടിലേറെ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള പ്രമുഖനാണ് അദ്ദേഹം.

കമ്പനി നേരിട്ട പ്രതിസന്ധികളെ മറികടന്ന് ഇന്‍ഡിഗോയെ പുതിയ ആഗോള ലക്ഷ്യങ്ങളിലേക്ക് നയിക്കാന്‍ വില്ലി വാല്‍ഷിന്റെ ദീര്‍ഘവീക്ഷണവും അനുഭവസമ്പത്തും സഹായകമാകുമെന്ന് ഇന്‍ഡിഗോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിമാനക്കമ്പനിയുടെ സര്‍വീസ് ശൃംഖല വിപുലീകരിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും മുന്‍ഗണന നല്‍കുമെന്നും മാനേജ്മെന്റ് കൂട്ടിച്ചേര്‍ത്തു.
