ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം തൃഷക്കെതിരെ അപകീര്‍ത്തികരവും അധിക്ഷേപകരവുമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ താമസസ്ഥലത്തു നിന്നാണ് തഞ്ചാവൂര്‍ പൊലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഉദയനിധി മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഈ നാടകീയമായ പൊലീസ് നീക്കമുണ്ടായത്. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയേക്കും.
തമിഴഗ വെട്രി കഴകം (ടിവികെ) വനിതാ വിഭാഗം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അടിയന്തര നടപടി സ്വീകരിച്ചത്. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് വിവാദ സംഭവം. മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ ഉദയനിധി വിമര്‍ശനം ഉന്നയിക്കുന്നതിനിടെ സദസ്സില്‍ നിന്ന് ചിലര്‍ തൃഷയുടെ പേര് വിളിച്ചു പറയുകയായിരുന്നു. തുടര്‍ന്ന് നടിയെയും വിജയ്യെയും ലക്ഷ്യമിട്ട് ഉദയനിധി അശ്ലീലച്ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗം നടത്തുകയായിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

താന്‍ തമാശയായി പറഞ്ഞതാണെന്ന് ഉദയനിധി പിന്നീട് വിശദീകരിച്ചെങ്കിലും പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഉദയനിധിയുടെ പരാമര്‍ശം അറപ്പുളവാക്കുന്നതാണെന്നും സ്ത്രീത്വത്തെ അവഹേളിക്കുന്നതാണെന്നും ആരോപിച്ച ടിവികെ, പൊതുരംഗത്തുള്ളവരില് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പ്രതികരണമാണിതെന്ന് വിമര്‍ശിച്ചു. വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനകളും സംഭവത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയതോടെ വിഷയം വന്‍ രാഷ്ട്രീയ തര്‍ക്കമായി മാറിയിരിക്കുകയാണ്.
