Sunday, August 9, 2026

ജാമ്യം ലഭിച്ചാലും അർജുൻ ആയങ്കിയെ പുറത്തിറക്കില്ല; കാപ്പ ചുമത്തി അകത്തിടാൻ നീക്കം

കൊച്ചി ∙ അർജുൻ ആയങ്കിയെ കാപ്പ ചുമത്തി പൂട്ടാൻ പൊലീസ് ആലോചന. പൊലീസിനെ സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ആയങ്കിയെ കണ്ണൂർ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് ഇന്നു പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിഐജി, എഡിജിപി എന്നിവരുടെ മേൽനോട്ടത്തിൽ കണ്ണൂർ പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് അർജുൻ ആയങ്കി വലയിലായത്. കണ്ണൂരിലെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ എറണാകുളത്തേക്ക് എത്തിക്കാനാണ് പൊലീസിന്റെ തീരുമാനം.

കോതമംഗലം ഇൻസ്പെക്ടറെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ആയങ്കി ഒളിവിൽ പോയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അതിനു പിന്നാലെ ആയങ്കി ഒളിവിൽ പോവുകയായിരുന്നു. ഇതിനു ശേഷമാണ് കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടറെ ആയങ്കി വെല്ലുവിളിച്ചതും അധിക്ഷേപിച്ചതും. തുടര്‍ന്ന് പൊലീസ് ഈ സംഭവത്തിലും കേസെടുത്തു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ എറണാകുളം റൂറൽ സൈബർ പൊലീസും ആയങ്കിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോതമംഗലം ഇൻസ്പെക്ടർക്കെതിരായ കേസിൽ ജാമ്യം ലഭിച്ചാൽ തന്നെ ആയങ്കിക്ക് പുറത്തിറങ്ങാൻ കഴിയില്ല. അതേ സമയം, മറ്റു രണ്ടു കേസുകളും എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്നവയാണ്. ഈ സാഹചര്യത്തിലാണ് കൊടുംകുറ്റവാളികൾക്കായുള്ള കാപ്പ ചുമത്തി അകത്തിടാനുള്ള ആലോചന.

2014 മുതൽ വളപട്ടണം പൊലീസ് സ്റ്റേഷനിലെ 12 കേസുകൾ ഉൾപ്പെടെ 21 ക്രിമിനൽ കേസുകളാണ് അർജുൻ ആയങ്കിക്കെതിരെ നിലവിലുള്ളത്. രണ്ട് വധശ്രമക്കേസുകൾ, മാരകായുധങ്ങൾ ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇയാൾ പ്രതിയാണ്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആയങ്കി കൊടുംക്രിമിനൽ ആണെന്ന് ചൂണ്ടിക്കാട്ടി കാപ്പ ചുമത്താനുള്ള റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കും. കാപ്പ ചുമത്തുന്നതോടെ ഇയാളെ ആറു മാസത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കാനോ അല്ലെങ്കിൽ കണ്ണൂർ ഉൾപ്പെടെയുള്ള നിർദിഷ്ട ജില്ലകളിൽ പ്രവേശിക്കുന്നത് വിലക്കി നാടുകടത്താനോ പൊലീസിനു നിയമപരമായി സാധിക്കും. ഗുണ്ടകൾക്കും സ്ഥിരം കുറ്റവാളികൾക്കുമെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ ഗ്രിപ്പ് മാരത്തോൺ’ നടപടിയുടെ ഭാഗമായി കൂടിയാണ് ഈ നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!