മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ബിസിനസ് കുടുംബമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമകളായ അംബാനി കുടുംബം ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം, സ്വന്തമായി ബിസിനസ് കെട്ടിപ്പടുത്ത ആദ്യ തലമുറയിലെ പ്രമുഖരില്‍ ഗൗതം അദാനിയുടെ കുടുംബം ഒന്നാമതെത്തി. ‘ബാര്‍ക്ലേയ്സ് പ്രൈവറ്റ് ക്ലയന്റ്സ് ഹുറൂണ്‍ ഇന്ത്യ’ പുറത്തുവിട്ട 2026-ലെ ഏറ്റവും മൂല്യമേറിയ കുടുംബ ബിസിനസുകളുടെ പട്ടികയിലാണ് (List of Most Valuable Family Businesses) ഈ വിവരങ്ങളുള്ളത്.
പട്ടിക പ്രകാരം അംബാനി കുടുംബത്തിന്റെ ആകെ സമ്പത്ത് ഏകദേശം 25.8 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സമ്പത്തില്‍ 8.5 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അംബാനി കുടുംബത്തിന് സാധിച്ചു. 19.6 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയുടെ കുടുംബം രണ്ടാം സ്ഥാനത്താണ്. എന്നാല്‍, പാരമ്പര്യ സ്വത്തല്ലാതെ സ്വന്തമായി ബിസിനസ് പടുത്തുയര്‍ത്തിയ ആദ്യ തലമുറക്കാരുടെ പട്ടികയില്‍ അദാനി കുടുംബമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ഭാരതി എയര്‍ടെല്ലിന്റെ പ്രമോട്ടര്‍മാരായ സുനില്‍ ഭാരതി മിത്തലിന്റെ കുടുംബം 12.1 ലക്ഷം കോടി രൂപയുടെ സമ്പത്തുമായി പട്ടികയില്‍ മൂന്നാം സ്ഥാനവും, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗളം ബിര്‍ള കുടുംബം 8.14 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ നാലാം സ്ഥാനവും നേടി. ആദ്യ തലമുറക്കാരുടെ പട്ടികയില്‍ മിത്തല്‍ കുടുംബമാണ് അദാനിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്.
റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 300 കുടുംബ ബിസിനസുകളുടെ ആകെ സമ്പത്ത് ഏകദേശം 138 ലക്ഷം കോടി രൂപയാണ് (1.46 ട്രില്യണ്‍ ഡോളര്‍). ഈ ആസ്തി ഒരു രാജ്യത്തിന്റെ ജിഡിപിയുമായി താരതമ്യം ചെയ്താല്‍ സൗദി അറേബ്യ, സ്വിറ്റ്സര്‍ലാന്റ്, നെതര്‍ലാന്റ്സ് എന്നീ രാജ്യങ്ങളെ മറികടന്ന് ലോകത്തിലെ 18-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇത് മാറും. മൂന്ന് വര്‍ഷത്തിനിടെ 352 ശതമാനം വളര്‍ച്ചയോടെ 37,500 കോടി രൂപ സ്വന്തമാക്കിയ ഷാഹി എക്സ്പോര്‍ട്സിന്റെ അഹൂജ കുടുംബമാണ് ഏറ്റവും വേഗത്തില്‍ വളരുന്ന ബിസിനസ് കുടുംബമായി ഉയര്‍ന്നുവന്നത്.
