ഓട്ടവ: ഡിസ്പ്ലേ സ്ക്രീനിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് കാനഡയില്‍ 11,000ത്തിലധികം കാമ്രി (Camry) വാഹനങ്ങള്‍ തിരിച്ചുവിളിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. ഡിസ്പ്ലേയിലെ തകരാര്‍ മൂലം ടേണ്‍ സിഗ്നലുകള്‍, ഹസാര്‍ഡ് ലൈറ്റുകള്‍, മുന്നറിയിപ്പ് ശബ്ദങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.
2025-2026 മോഡല്‍ വര്‍ഷത്തിലെ ഏകദേശം 11,159 വാഹനങ്ങളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഇതിലെ ഏഴ് ഇഞ്ച് കോമ്പിനേഷന്‍ മീറ്റര്‍ ഡിസ്പ്ലേ ബ്ലാങ്ക് ആയി പോകാന്‍ ഇടയുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡിസ്പ്ലേയില്‍ ആവശ്യമായ വിവരങ്ങള്‍ തെളിയാതിരിക്കുകയോ, സിഗ്നല്‍ ലൈറ്റുകളും വാണിങ് ശബ്ദങ്ങളും പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും ടൊയോട്ടയുടെ മുന്നറിയിപ്പിലുണ്ട്.

ബാധിക്കപ്പെട്ട വാഹന ഉടമകളെ വിവരം അറിയിക്കുകയും അവരുടെ സൗജന്യ സോഫ്റ്റ്വെയര് അപ്ഡേഷനായി ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഒക്ടോബര്‍ ആദ്യവാരത്തോടെ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കും. ലോകമെമ്പാടുമായി ഏകദേശം 6,55,000 കാമ്രി വാഹനങ്ങളെ ബാധിച്ച വലിയ തിരിച്ചുവിളിക്കല്‍ നടപടിയുടെ ഭാഗമായാണ് കാനഡയിലെയും ഈ തിരിച്ചുവിളിക്കല്‍. അമേരിക്കയില്‍ മാത്രം 2025-2026 മോഡലിലെ 5,08,000-ത്തിലധികം കാമ്രി ഹൈബ്രിഡ് വാഹനങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്.
