ഫ്രെഡറിക്ടൺ: കഴിഞ്ഞ വേനൽക്കാലത്ത് അനുഭവപ്പെട്ട റെക്കോർഡ് വരൾച്ചയുടെ പ്രത്യാഘാതമായി കാനഡയിലെ ന്യൂബ്രൺസ് വിക്കിലെ പ്രധാന വൃക്ഷമായ ബാൽസം ഫിർ മരങ്ങൾ ഉണങ്ങി നശിക്കുന്നതായി റിപ്പോർട്ട്. ക്രിസ്മസ് ട്രീകൾക്കായി വ്യാപകമായി ഉപയോഗിക്കുന്ന ഈ മരങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്ക ഉയർന്നിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ ചൂടും വരൾച്ചയും ബാൽസം ഫിർ മരങ്ങളുടെ വളർച്ചയെ സാരമായി ബാധിച്ചെന്ന് ന്യൂബ്രൺസ് വിക്ക് സർവകലാശാലയിലെ ഫോറസ്ട്രി ഗവേഷകനായ പ്രൊഫ. ആന്തണി ടെയ്ലർ പറഞ്ഞു. നിരവധി ഭൂഉടമകളിൽ നിന്നും മരങ്ങൾ നശിക്കുന്നതിനെക്കുറിച്ച് പരാതികൾ ലഭിക്കുന്നുണ്ടെന്നും ടെയ്ലർ.
വരൾച്ചയെ തുടർന്ന് മരങ്ങൾ ഫോട്ടോസിന്തസിസ് പ്രക്രിയ നേരത്തെ തന്നെ നിർത്തിവയ്ക്കും. ഇതോടെ വളർച്ചയ്ക്കും പ്രതിരോധ സംവിധാനങ്ങൾക്കും ആവശ്യമായ ഊർജശേഖരം രൂപപ്പെടാതെ വരും. ഇതിനകം കീടങ്ങളുടെയോ രോഗാണുക്കളുടെയോ സമ്മർദം നേരിടുന്ന മരങ്ങളിൽ ഇത് ഒടുവിൽ നാശത്തിലേക്ക് നയിക്കാമെന്നും ഗവേഷകർ പറയുന്നു.
1986ലും 2018ലും അസാധാരണമായ ചൂടും വരണ്ട കാലാവസ്ഥയും അനുഭവപ്പെട്ടതിനെ തുടർന്ന് ബാൽസം ഫിർ മരങ്ങളിൽ സമാനമായ കൂട്ടനാശം ഉണ്ടായിട്ടുണ്ടെന്നും ടെയ്ലർ ചൂണ്ടിക്കാട്ടി.
മരങ്ങളുടെ ആഴം കുറഞ്ഞ വേരുകളും പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. അതിനാൽ പെട്ടെന്ന് വെള്ളം കിട്ടാതെയാകുമ്പോൾ ഇവ പെട്ടെന്ന് ഉണങ്ങിപ്പോകുന്നു

നൂറോളം മരങ്ങൾ ഇതിനകം നശിച്ചു
ന്യൂബ്രൺസ് വിക്കിലെ ബർട്ട്സ് കോർണറിലുള്ള വനഭൂമിയുടെ ഉടമ പീറ്റർ മക്കീൽ ജൂൺ മാസത്തിലാണ് മരങ്ങളിൽ നാശത്തിന്റെ ലക്ഷണങ്ങൾ ശ്രദ്ധിച്ചത്. താഴത്തെ ശാഖകളിൽനിന്ന് മുകളിലേക്ക് മരങ്ങൾ ചുവന്നുനിറയുന്നതാണ് കണ്ടത്. ഓരോ ദിവസവും പുതിയ മരങ്ങളിൽ ചുവപ്പ് നിറം പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
40 വർഷമായി വനഭൂമിയുടെ ഉടമയായ മക്കീലിന്റെ കണക്കനുസരിച്ച് ഇതുവരെ ഏകദേശം 100 ബാൽസം ഫിർ മരങ്ങൾ നശിച്ചിട്ടുണ്ട്. നശിച്ച മരങ്ങളിൽ ചിലത് തടിയായി ഉപയോഗിക്കാൻ കഴിയുന്നുണ്ടെങ്കിലും ശേഷിക്കുന്ന മരങ്ങളിൽനിന്ന് പരമാവധി പ്രയോജനം നേടുന്നതിനായി വിളവെടുപ്പ് രീതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ്.
കാലാവസ്ഥാ വ്യതിയാനം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ തെക്കൻ ന്യൂബ്രൺസ് വിക്കിൽ ബാൽസം ഫിർ മരത്തിന്റെ ഭാവി ആശങ്കാജനകമാണെന്നും മക്കീൽ അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പ്
ഈ വർഷം മരങ്ങൾ ചുവന്നുനിൽക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള ദൃശ്യ സൂചനയാണെന്ന് പ്രൊഫ. ടെയ്ലർ പറഞ്ഞു. കൽക്കരി, എണ്ണ, വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും വനനശീകരണം നിയന്ത്രിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നടപടികൾ ആവശ്യമായ വേഗത്തിൽ നടക്കുന്നില്ലെന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഇത്തരത്തിൽ വനമേഖലകളിൽ തുടർന്നും പ്രകടമാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
