ആക്ടന്‍: അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള ആക്ടണില്‍ അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ 17-കാരനായ അര്‍ജുന്‍ അരവിന്ദിനെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തി. സുധ വെങ്കടേശന്‍ (45), ഇവരുടെ 14 വയസ്സുള്ള മകന്‍ സിദ്ധാര്‍ത്ഥ് അരവിന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. മിഡില്‍സെക്‌സ് ജില്ലാ അറ്റോര്‍ണി മാരിയന്‍ റയാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേസിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. സ്വന്തം കുടുംബത്തെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സാങ്കല്‍പിക ആശയങ്ങളും വഴികളും അര്‍ജുന്‍ മുന്‍കൂട്ടി ഇന്റര്‍നെറ്റിലും ചാറ്റ് ജിപിടിയിലും (ChatGPT) തിരഞ്ഞിരുന്നതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആക്ടണിലെ മാര്‍ത്ത ലെയ്നിലുള്ള വീട്ടില്‍ നിന്നാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. പതിവായി വീട്ടിലെത്തുന്ന ട്യൂട്ടര്‍ വൈകുന്നേരം 6.30-ഓടെ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങളെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ അര്‍ജുന്റെ പിതാവിനെ വിവരമറിയിച്ചു. പിതാവ് പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ ചെക്കിങ്ങിനായെത്തിയ പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഒന്നാം നിലയില്‍ സിദ്ധാര്‍ത്ഥിനെയും ബേസ്മെന്റില്‍ സുധയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

സംഭവസമയത്ത് അര്‍ജുന്‍ വീട്ടിലുണ്ടായിരുന്നില്ല. മരിച്ച സുധയുടെ പച്ച നിറത്തിലുള്ള ഹോണ്ട അക്കോര്‍ഡ് കാറുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്. പോലീസ് നടത്തിയ തിരച്ചിലിനൊടുവില്‍, ബുധനാഴ്ച പുലര്‍ച്ചെ സമീപ നഗരമായ വേലന്‍ഡിലെ ഒരു പാര്‍ക്കിങ് സ്ഥലത്തുനിന്ന് കാറിനുള്ളിലുണ്ടായിരുന്ന അര്‍ജുനെ കസ്റ്റഡിയിലെടുത്തു. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചില നടപടികള്‍ ജുവനൈല്‍ കോടതിയില്‍ നടന്നുവെങ്കിലും, കേസിന്റെ വിചാരണ കോണ്‍കോര്‍ഡ് ജില്ലാ കോടതിയില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരണകാരണവും ഉപയോഗിച്ച ആയുധവും സംബന്ധിച്ച ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് പോലീസ്.
