Tuesday, August 18, 2026

കാനഡ ചൈല്‍ഡ് ബെനിഫിറ്റ് പേയ്‌മെന്റ് ഓഗസ്റ്റ് 20-ന് അക്കൗണ്ടിലെത്തും

ഓട്ടവ: കാനഡ റെവന്യൂ ഏജന്‍സിയുടെ (CRA) അടുത്ത കാനഡ ചൈല്‍ഡ് ബെനിഫിറ്റ് (CCB) പേയ്മെന്റ് ഓഗസ്റ്റ് 20 വ്യാഴാഴ്ച വിതരണം ചെയ്യും.കുറഞ്ഞ വരുമാനവും ഇടത്തരം വരുമാനവുമുള്ള കുടുംബങ്ങൾക്ക് കുട്ടികളെ വളർത്തുന്നതിനായുള്ള സാമ്പത്തിക ഭാരം കുറയ്ക്കുക എന്നതാണ് നികുതിരഹിതമായ ഈ സഹായധനത്തിന്റെ പ്രധാന ലക്ഷ്യം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

ഇതിനോടൊപ്പം കാനഡ ഡിസെബിലിറ്റി ബെനിഫിറ്റിന് അര്‍ഹതയുള്ള കുടുംബങ്ങള്‍ക്കും അന്നേ ദിവസം തന്നെ തുക ലഭിക്കും. ജൂലൈ 1-ന് ആരംഭിച്ച പുതിയ ബെനിഫിറ്റ് വര്‍ഷത്തിലെ രണ്ടാമത്തെ വിതരണമാണിത്. നിലവിലെ പണപ്പെരുപ്പം കണക്കിലെടുത്ത് വിതരണ തുകയില്‍ ഏകദേശം രണ്ട് ശതമാനത്തിന്റെ വര്‍ധന വരുത്തിയിട്ടുണ്ട്.

കാനഡയില്‍ പുതിയതായി സ്ഥിരതാമസമാക്കിയവര്‍ക്കും (Newcomers) താത്കാലിക വര്‍ക്ക് പെര്‍മിറ്റില്‍ കഴിയുന്നവര്‍ക്കും ജീവിതച്ചെലവുകള്‍ ക്രമീകരിക്കുന്നതില്‍ ഈ പദ്ധതി വലിയ ആശ്വാസമാണ്. മുന്‍വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ (Tax Return) അടിസ്ഥാനമാക്കിയാണ് ഓരോ കുടുംബത്തിനും ലഭിക്കേണ്ട തുക കണക്കാക്കുന്നത്. ഓരോ വര്‍ഷവും ജൂലൈ മാസത്തിലാണ് തുക പുനര്‍നിര്‍ണ്ണയിക്കുന്നത്.

പുതുക്കിയ നിരക്കുകള്‍ പ്രകാരം ആറ് വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയുള്ള കുടുംബത്തിന് പ്രതിമാസം പരമാവധി $679.75 (വര്‍ഷത്തില്‍ $8,157) വരെ ലഭിക്കും. ആറ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പ്രതിമാസം $573.58 (വര്‍ഷത്തില്‍ $6,883) വരെയാണ് ആനുകൂല്യം. കാനഡയില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്ന കനേഡിയന്‍ പൗരന്മാര്‍, പെര്‍മനന്റ് റെസിഡന്റുകള്‍, കുറഞ്ഞത് 18 മാസം തുടര്‍ച്ചയായി താമസിച്ച താത്കാലിക താമസക്കാര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. കുട്ടികളുടെ മാതാപിതാക്കള്‍ രണ്ടുപേരും 2025 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിച്ചിരിക്കേണ്ടതാണ്.

കുടുംബത്തിന്റെ വാര്‍ഷിക വരുമാനവും കുട്ടികളുടെ എണ്ണവും അനുസരിച്ചാണ് തുക വ്യത്യാസപ്പെടുന്നത്. കുടുംബത്തിന്റെ വാര്‍ഷിക അഡ്ജസ്റ്റഡ് വരുമാനം $38,237 വരെയാണെങ്കില്‍ മുഴുവന്‍ ആനുകൂല്യ തുകയും ലഭിക്കും. വരുമാനം ഉയരുന്നതിനനുസരിച്ച് കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തുകയില്‍ കുറവ് വരുമെങ്കിലും, ഡിസെബിലിറ്റി ടാക്‌സ് ക്രെഡിറ്റിന് യോഗ്യതയുള്ള കുട്ടികള്‍ക്ക് പ്രതിമാസം പരമാവധി $290 വരെ അധികമായി ലഭിക്കും. വേര്‍പിരിഞ്ഞ മാതാപിതാക്കള്‍ സംരക്ഷണം തുല്യമായി പങ്കിടുന്ന സാഹചര്യങ്ങളില്‍ രണ്ടുപേര്‍ക്കും അര്‍ഹമായ തുകയുടെ പകുതി വീതം ലഭിക്കും. ഈ വര്‍ഷത്തെ വരാനിരിക്കുന്ന മറ്റ് പേയ്മെന്റ് തീയതികള്‍ സെപ്റ്റംബര്‍ 18, ഒക്ടോബര്‍ 20, നവംബര്‍ 20, ഡിസംബര്‍ 11 എന്നിവയാണ്.
കാനഡ റവന്യൂ ഏജന്‍സിയുടെ (CRA) ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ Canada.ca വെബ്സൈറ്റ് വഴിയോ അര്‍ഹതയും തുകയും പരിശോധിക്കാവുന്നതാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!