ടൊറന്റോ: 2029ഓടെ എല്ലാ ഒൻ്റാരിയോ നിവാസികൾക്കും പ്രാഥമിക ആരോഗ്യ സേവനവുമായി ബന്ധപ്പെടാൻ അവസരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവിശ്യാ സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 78 പുതിയ പ്രാഥമിക ആരോഗ്യ ടീമുകൾ രൂപീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാർ ക്ഷണിച്ചു. ആരോഗ്യ മന്ത്രി സിൽവിയ ജോൺസാണ് പദ്ധതിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം പദ്ധതി ആരംഭിച്ചതിന് ശേഷം ഏകദേശം 437,000 പേരെ പ്രാഥമിക ആരോഗ്യ സേവനവുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന സംഘങ്ങളാണ് പ്രാഥമിക ആരോഗ്യ ടീമുകൾ. രോഗികൾക്ക് കൂടുതൽ സമഗ്രവും ഏകോപിതവുമായ ആരോഗ്യപരിചരണം നൽകുകയാണ് ഇത്തരം ടീമുകളുടെ പ്രധാന ലക്ഷ്യം.

നിലവിൽ ഒന്റാരിയോയിൽ ഫാമിലി ഡോക്ടറെ കണ്ടെത്താൻ കഴിയാത്ത നിരവധി ആളുകളുണ്ട്. പുതിയ ആരോഗ്യ ടീമുകൾ കൂടുതൽ ആളുകളെ സ്ഥിരമായ പ്രാഥമിക പരിചരണ സംവിധാനത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പ്രത്യേകിച്ച് ഫാമിലി ഡോക്ടർമാരുടെ ക്ഷാമം നേരിടുന്ന മേഖലകളിൽ ഇത്തരം ടീമുകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടാകും.

അതേസമയം, ഇത്രയും വലിയ ജനസംഖ്യയെ നിശ്ചിത സമയത്തിനുള്ളിൽ ആരോഗ്യ സേവനവുമായി ബന്ധിപ്പിക്കാൻ ആവശ്യമായ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും കണ്ടെത്തുക വലിയ വെല്ലുവിളിയായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യപ്രവർത്തകരുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരവും നിലനിർത്തേണ്ടതുണ്ട്. എന്നിരുന്നാലും, എല്ലാവർക്കും പ്രാഥമിക ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.
