ടോക്കിയോ: ഏഴ് വയസ്സുള്ള മകന് പലഹാരങ്ങളും കുടിവെള്ളവും നല്‍കിയ ശേഷം കാറിനുള്ളില്‍ തനിച്ചാക്കി പര്‍വ്വതാരോഹണത്തിന് പോയ 42-കാരനായ ചൈനീസ് പൗരന്‍ ഷാങ് ലിയാങ് ജപ്പാനില്‍ അറസ്റ്റിലായി. വ്യാഴാഴ്ച രാത്രി മൗണ്ട് ഫുജിയിലെ അഞ്ചാം സ്റ്റേഷന്‍ പാര്‍ക്കിംങ് ഏരിയയിലാണ് സംഭവം.
വൈകുന്നേരത്തോടെ മകനുമായി പാര്‍ക്കിങ് ഏരിയയിലെത്തിയ ഷാങ്, കുട്ടിയെ കാറിലിരുത്തി പര്‍വ്വതം കയറാന്‍ പോവുകയായിരുന്നു. രാത്രി എട്ടരയോടെ സുരക്ഷാ ജീവനക്കാരാണ് കാറിനുള്ളില്‍ തനിച്ചിരിക്കുന്ന കുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസെത്തി തിരച്ചില്‍ നടത്തുന്നതിനിടെ രാത്രി 11:30-ഓടെ മലകയറ്റം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഷാങ്ങിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അഞ്ചാം സ്റ്റേഷന്‍ വരെ തനിക്കൊപ്പം നടന്ന മകന്‍ അതിനുമുകളിലേക്ക് കയറാന്‍ വിസമ്മതിച്ചതിനാലാണ് സ്‌നാക്‌സും നല്‍കി കാറിലിരുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. കുട്ടിയെ ഉപേക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇയാള്‍ അവകാശപ്പെട്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനവും തണുപ്പുമുള്ള അപകടകരമായ മേഖലയില്‍ കുട്ടിയെ മണിക്കൂറുകളോളം തനിച്ചാക്കിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് പോലീസ് വ്യക്തമാക്കി.
