വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അമേരിക്കന്‍ സൈക്കോളജിസ്റ്റ്. പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും മനസിലാകാത്ത വിധത്തില്‍ സങ്കീര്‍ണവും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതുമായ ആരോഗ്യാവസ്ഥയിലൂടെയാണ്് ട്രംപ് കടന്നുപോകു്ന്നതെന്നും ഇത്രയും ക്ഷീണിതനായി ട്രംപിനെ മുന്‍പൊന്നും കണ്ടിട്ടില്ലെന്നും ബോഡി ലാംഗ്വേജ് വിദഗ്ധന്‍ കൂടിയായ ഡോ.ജോണ്‍ പോള്‍ ഗാരിസണ്‍ പറഞ്ഞു. ട്രംപിന്റെ പ്രായത്തിനനുസരിച്ചുള്ള ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വര്‍ധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ജോര്‍ജിയയില്‍ റോസ്വലില്‍ ലൈസന്‍സ്ഡ് ക്ലിനിക്കുള്ള ഫോറന്‍സിക് സൈക്കോളജിസ്റ്റാണ് ജോണ്‍. പൊതുപ്രവര്‍ത്തകരുടെയും കുറ്റവാളികളുടേയും പെരുമാറ്റങ്ങളും ശരീരഭാഷയും വിശകലനം ചെയ്തുകൊണ്ട് ഡോ.ജി എക്‌സ്‌പ്ലെയ്ന്‍സ് എന്ന യൂട്യൂബ് ചാനലില്‍ അദ്ദേഹം വിഡിയോകള്‍ പങ്കുവെക്കാറുണ്ട്. ഇത്തരത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തുവിട്ട വിഡിയോയിലാണ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍.

അടുത്തിടെ ഒരു പൊതുവേദിയില്‍ നിന്നുള്ള വിഡിയോയില്‍ ട്രംപിന്റെ വസ്ത്രത്തിലെ ചില അസ്വാഭാവികതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, അദ്ദേഹത്തിന് മൂത്രനാളിയിലെ അണുബാധ പോലുള്ള അസുഖമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളോ പക്ഷാഘാതം, അല്‍ഷിമേഴ്‌സ് പോലുള്ള നാഡീവ്യൂഹവുമായി ബന്ധപ്പെട്ട തകരാറുകളോ ഇതിന് കാരണമാകാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. കൂടാതെ, പൊതുവേദികളില്‍ ട്രംപ് ചില വാക്കുകള്‍ തുടര്‍ച്ചയായി ഒരേ അര്‍ത്ഥത്തില്‍ ആവര്‍ത്തിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിന്റേയോ നിയന്ത്രണം നഷ്ടപ്പെടുന്നതിന്റേയോ ലക്ഷണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘പലപ്പോഴും അക്ഷമയും ശ്രദ്ധക്കുറവും എടുത്തുകാണിക്കുന്ന രീതിയിലാണ് ട്രംപ് നില്‍ക്കുന്നത്. മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വലതുകൈയ്യില്‍ വിറയലുകള്‍ കാണുന്നുണ്ട്. കൈകള്‍ അസ്വസ്ഥമായി ചലിപ്പിക്കുകയും ക്യാമറയ്ക്ക് പുറത്തുള്ള ആരോടെങ്കിലും കണ്ണുകള്‍ കൊണ്ട് സന്ദേശം നല്‍കാന്‍ ശ്രമിക്കുന്നതും കാണാം. കേവലം വിറയല്‍ മാത്രമല്ല, ചിലപ്പോഴെല്ലാം അദ്ദേഹത്തിന്റെ ശരീരം തന്നെയും മുഴുവനായി ഞെട്ടിപ്പോകുന്നതുപോലെയുണ്ട്’. ഡോക്ടര്‍ വിശദമാക്കി. പോഡിയത്തില്‍ പിടിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈമുട്ടിന് വിറയലുണ്ടാകുന്നതും പലപ്പോഴും വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ നിര്‍ത്തിപ്പോകുന്ന സാഹചര്യങ്ങളുണ്ടെന്നും ജോണ്‍ പറയുന്നു.

‘ഇത്തരത്തിലുള്ള അനിയന്ത്രിതമായ ചലനങ്ങള്‍ അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ, അല്ലെങ്കില്‍ പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളുടെ സൂചനയായേക്കാം. സ്‌ട്രോക്കിന് ശേഷമുണ്ടാകുമെന്ന മസ്തിഷ്‌ക പ്രക്ഷോഭങ്ങളുടേയോ ആഘാതങ്ങളുടേയോ ലക്ഷണമാകാനും സാധ്യതയുണ്ട്. ഇതേക്കുറിച്ച് ഇനിയും പരിശോധിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂ’. അദ്ദേഹം വിഡിയോ അവസാനിപ്പിച്ചു.
ഇതാദ്യമായല്ല ട്രംപിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സമീപകാലങ്ങളിലെ ട്രംപിന്റെ മേക്കപ്പ് രീതികളെല്ലാം ഒരു പരിധിവരെ സോഷ്യല്‍മീഡിയയിലെ അഭ്യൂഹങ്ങള്‍ക്ക് കരുത്ത് പകരാറുമുണ്ട്. നേരത്തെ, ട്രംപിന്റെ തലച്ചോര്‍ അസാധാരണ രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ഏറെ പ്രയാസപ്പെട്ടാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നതെന്നും രണ്ട് അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ട്രംപിന്റെ വലതുകൈയിലെ പാടുകളും ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് വൈറ്റ് ഹൌസ് വിശദമായി പറഞ്ഞിരുന്നു. ട്രംപിന്റെ ഹൃദയം, ശ്വാസകോശം, നാഡീവ്യൂഹം എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നുമാണ് അന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കിയിരുന്നത്.
