സെയ്ന്റ് ജോൺസ്: കാനഡയിലെ സെന്റ് ജോൺസിൽ വാഹനാപകടത്തിൽ ആറുവയസുകാരൻ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. അപകടത്തിന് രണ്ട് ദിവസം മുൻപ് കേസിലെ പ്രതി ടൈലർ ഡേ മറ്റൊരു വാഹനാപകടത്തിൽപ്പെട്ടിരുന്നുവെന്നും അന്ന് പൊലീസ് ഇയാളുടെ വിവരങ്ങൾ പരിശോധിച്ചിരുന്നില്ലെന്നും റിപ്പോർട്ട്.
ജൂലൈ 21ന് സ്റ്റാംപ്സ് ലെയ്‌നും ടെറ നോവ റോഡും ചേരുന്ന ഭാഗത്താണ് ടൈലർ ഡേ ഓടിച്ചിരുന്ന വർക്ക് ട്രക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ചത്. അപകടത്തിൽ മറ്റൊരു വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഗുരുതരമായ പരുക്കുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല.
അപകടസ്ഥലത്തെത്തിയ പൊലീസ് ടൈലർ ഡേയുടെ വിവരങ്ങൾ പരിശോധിച്ചിരുന്നെങ്കിൽ ഇയാൾക്കെതിരെ നിലവിലുണ്ടായിരുന്ന അറസ്റ്റ് വാറന്റ് കണ്ടെത്താമായിരുന്നു. എന്നാൽ സംഭവം ക്രിമിനൽ സ്വഭാവമുള്ളതല്ലെന്ന് വിലയിരുത്തിയതിനാൽ ക്രിമിനൽ റെക്കോർഡ് പരിശോധന നടത്തിയില്ലെന്ന് റോയൽ ന്യൂഫിൻലൻഡ് കോൺസ്റ്റബുലറി (RNC) അറിയിച്ചു.

രണ്ട് ദിവസത്തിന് ശേഷം ആറുവയസുകാരൻ വാഹനമിടിച്ച് മരിച്ചു
ജൂലൈ 23ന് സെയ്ന്റ് ജോൺസിലെ തോർബേൺ റോഡും ലാർഖാൾ സ്ട്രീറ്റും ചേരുന്ന ഭാഗത്ത് ആറുവയസുകാരനായ സഫീർ മുനീറിനെ ടൈലർ ഡേ ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയ പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
മദ്യപിച്ച് വാഹനമോടിച്ച് മരണത്തിന് ഇടയാക്കൽ, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടൽ, മുൻപ് പുറപ്പെടുവിച്ച വാറന്റുകൾ ലംഘിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് നിലവിൽ പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ആദ്യ അപകടം നടന്ന ദിവസം തന്നെ പൊലീസ് കൃത്യമായ പശ്ചാത്തല പരിശോധന നടത്തിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന തരത്തിലുള്ള വലിയ വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
