Monday, August 24, 2026

ഗോർഡി ഹൗ പാലം തുറക്കുന്നതിന് മുൻപ് കനേഡിയൻ അധികൃതരുമായി അംബാസഡർ ബ്രിഡ്ജ് ഉടമ രഹസ്യ കൂടിക്കാഴ്ച നടത്തി; രേഖകൾ പുറത്ത്

ഓട്ടവ: ഗോർഡി ഹൗ ഇന്റർനാഷണൽ ബ്രിഡ്ജ് തുറക്കുന്നതിന് മൂന്നര മാസം മുമ്പ് അംബാസഡർ ബ്രിഡ്ജിന്റെ ഉടമ മാത്യു മൊറൗൺ കനേഡിയൻ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായി രേഖകൾ. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന ഫെഡറൽ ബ്രീഫിങ് രേഖകളിലാണ് ഏപ്രിൽ ഏഴിന് നടന്ന കൂടിക്കാഴ്ചയുടെ വിവരങ്ങളുള്ളത്.

മിഷിഗണിൽ നിന്നുള്ള മൊറൗണിനൊപ്പം കുടുംബ കമ്പനികളിലെ മുതിർന്ന അഭിഭാഷകൻ കെവിൻ കാൽസിൻസ്‌കിയും അദ്ദേഹത്തിന്റെ മരുമകനും മുതിർന്ന സാമ്പത്തിക ഉദ്യോഗസ്ഥനുമായ ബ്രെനൻ ലീയും യോഗത്തിൽ പങ്കെടുത്തു. കനേഡിയൻ ഭാഗത്ത് ഹൗസിങ്, ഇൻഫ്രാസ്ട്രക്ചർ ആൻഡ് കമ്മ്യൂണിറ്റീസ് കാനഡ ഡെപ്യൂട്ടി മന്ത്രി പോൾ ഹലൂച്ച, അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി മാർക്കോ പ്രസുട്ടി, മുതിർന്ന സർക്കാർ അഭിഭാഷകൻ ജെസി ട്രേസിയും പങ്കെടുത്തു.

മൊറൗണാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടതെന്ന് രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ ചർച്ചയുടെ അജണ്ടയിലെ ചില ഭാഗങ്ങളും സർക്കാരിന്റെ യോഗാനന്തര വിലയിരുത്തലുകളും പുറത്തുവിട്ട രേഖകളിൽ മറച്ചുവെച്ചിട്ടുണ്ട്. പുതിയ പാലം പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ അതിർത്തി ഇടനാഴിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നിലനിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുമുള്ള മൊറൗണിന്റെ കാഴ്ചപ്പാട് കേൾക്കുകയായിരുന്നു ഉദ്യോഗസ്ഥരുടെ പ്രധാന ലക്ഷ്യമെന്നാണ് ബ്രീഫിങ് രേഖയിലെ വിശദീകരണം.

അംബാസഡർ ബ്രിഡ്ജിന് പുതിയ വെല്ലുവിളി

പൊതുമേഖലയുടെ ഉടമസ്ഥതയിലുള്ള ഗോർഡി ഹൗ പാലം വിൻഡ്സറും ഡെട്രോയിറ്റും തമ്മിലുള്ള സ്വകാര്യ അംബാസഡർ ബ്രിഡ്ജിന്റെ ദീർഘകാല കുത്തക അവസാനിപ്പിച്ചാണ് പുതിയ മത്സരം സൃഷ്ടിച്ചത്.

അമേരിക്കൻ സർക്കാർ കണക്കുകൾ പ്രകാരം പുതിയ പാലം അംബാസഡർ ബ്രിഡ്ജിലൂടെയുള്ള ഗതാഗതത്തിന്റെ ഏകദേശം പകുതി പിടിച്ചെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 2021ൽ അംബാസഡർ ബ്രിഡ്ജിലൂടെ 140 ബില്യൺ ഡോളറിലേറെ മൂല്യമുള്ള ചരക്ക് വ്യാപാരം നടന്നിരുന്നു.

പുതിയ പാലം ആധുനിക അടിസ്ഥാനസൗകര്യങ്ങളും നേരിട്ട് ഹൈവേ-ടു-ഹൈവേ കണക്ഷനും വാഗ്ദാനം ചെയ്യുന്നതിനാൽ പഴയ അംബാസഡർ ബ്രിഡ്ജിന് ശക്തമായ മത്സരമാണ് നേരിടേണ്ടിവരുന്നത്.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ടോൾ നിരക്ക് കുറച്ചു

ഏപ്രിൽ ഏഴിന് നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഏപ്രിൽ 24ന് തയ്യാറാക്കിയ ഫെഡറൽ ബ്രീഫിങ് രേഖയിൽ, ഗോർഡി ഹോവ് പാലം തുറക്കുമെന്ന കാര്യം മൊറൗൺ അംഗീകരിച്ചതായി പറയുന്നു.

അതേസമയം, കൂടിക്കാഴ്ചയ്ക്ക് 11 ദിവസത്തിന് ശേഷം അംബാസഡർ ബ്രിഡ്ജ് ചില ഉപയോക്താക്കൾക്കുള്ള ടോൾ നിരക്കുകൾ കുറച്ചതായും രേഖ വ്യക്തമാക്കുന്നു. ഗോർഡി ഹോവ് പാലത്തിൽ നിശ്ചയിച്ചിരുന്ന നിരക്കിനേക്കാൾ നേരിയ തോതിൽ കുറവായിരുന്നു പുതിയ നിരക്കുകൾ.

വിൻഡ്സർ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ജോൺ സട്ട്ക്ലിഫിന്റെ വിലയിരുത്തലിൽ, കുത്തകയിൽ നിന്ന് മത്സരാധിഷ്ഠിത വിപണിയിലേക്കുള്ള മാറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നത്. പുതിയതും വലുതുമായ പാലം പഴയ അംബാസഡർ ബ്രിഡ്ജിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

വർഷങ്ങളായുള്ള നിയമ-രാഷ്ട്രീയ പോരാട്ടം

പുതിയ പാലത്തിനെതിരായ മൊറൗൺ കുടുംബത്തിന്റെ നീക്കങ്ങൾ വർഷങ്ങളായി തുടരുന്നതായാണ് റിപ്പോർട്ട്. എതിരാളിയായ പാലത്തിനായി നിർദേശിക്കപ്പെട്ട റൂട്ടുകൾക്ക് സമീപം തന്ത്രപ്രധാനമായ ഭൂമി വാങ്ങുന്നതും ഇരുരാജ്യങ്ങളിലുമുള്ള രാഷ്ട്രീയ ഇടപെടലുകളും ഈ നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ മൊറൗൺ കുടുംബം 22 നിയമപോരാട്ടങ്ങൾ നടത്തിയതായും ഫെഡറൽ രേഖകളിൽ പരാമർശമുണ്ട്.

അതേസമയം, സ്വകാര്യ സംരംഭങ്ങൾക്ക് അനുകൂലമായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നിലപാടുമായി മൊറൗൺ കുടുംബത്തിന്റെ താൽപര്യങ്ങൾക്ക് ചില സാമ്യങ്ങളുണ്ടെന്നും വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ അതിർത്തി വ്യാപാരത്തെ ബാധിക്കുന്ന നടപടികൾ ആത്യന്തികമായി അംബാസഡർ ബ്രിഡ്ജിനും തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!