ടെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ അമേരിക്കയിലെ പ്രധാന ഊർജകേന്ദ്രങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC ) മുന്നറിയിപ്പ് നൽകി. ഇറാൻ-അമേരിക്ക സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ഐആർജിസിയുടെ പ്രതികരണം.
ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയാൽ അതിന് തിരിച്ചടിയായി യുഎസിന്റെ നിർണായക ഊർജ കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹെബ്ബി വ്യക്തമാക്കിയതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള നീക്കം തടഞ്ഞെന്ന് ഇറാൻ
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുൾപ്പെടെയുള്ള അമേരിക്കയുടെ ലക്ഷ്യങ്ങൾ തടയാൻ ഇറാന് കഴിഞ്ഞതായി മൊഹെബ്ബി അവകാശപ്പെട്ടു. ഇറാന്റെ സൈനിക ശേഷിയും ആയുധശേഖരവും പരിമിതമാണെന്ന എതിരാളികളുടെ വിലയിരുത്തൽ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഗൈഡഡ് മിസൈലുകളുടെയും സ്മാർട്ട് ആയുധങ്ങളുടെയും ഉൽപ്പാദനം രാജ്യത്ത് തടസ്സമില്ലാതെ തുടരുകയാണെന്നും ഐആർജിസി വക്താവ് അവകാശപ്പെട്ടു. ശത്രുവിന്റെ നിർണായക കേന്ദ്രങ്ങളെ നേരിട്ട് ലക്ഷ്യമിടാൻ കഴിഞ്ഞതാണ് സംഘർഷത്തിലെ പ്രധാന നേട്ടങ്ങളിലൊന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക സമ്മർദം ശക്തമാക്കി യുഎസ്
അതേസമയം, ഇറാനെതിരായ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ ഒന്നൊന്നായി വിച്ഛേദിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി.
ഇറാനിലെ ഭരണകൂടം പൂർണമായും ഒറ്റപ്പെടുന്നതുവരെ അതിന്റെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ബെസെന്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധ നടപടികൾക്ക് അമേരിക്ക തുടക്കമിട്ടിരിക്കുകയാണ്.
ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കും മുന്നറിയിപ്പ്
അമേരിക്കൻ ഉപരോധങ്ങൾ അവഗണിച്ച് ഇറാനുമായി വ്യാപാര-സാമ്പത്തിക ബന്ധം തുടരുന്ന രാജ്യങ്ങൾക്കും യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനുമായി ഇടപാടുകൾ തുടരുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
ഇതോടെ ഇറാൻ-യുഎസ് സംഘർഷം സൈനിക മേഖലയിൽ മാത്രമല്ല, ഊർജ മേഖലയിലേക്കും ആഗോള വ്യാപാരത്തിലേക്കും വ്യാപിക്കാനുള്ള ആശങ്ക ശക്തമായിരിക്കുകയാണ്. പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലെ സാഹചര്യം ആഗോള എണ്ണവിപണിയിലും ഊർജ വിതരണത്തിലും വലിയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.
