തിരുവനന്തപുരം: ഓണക്കാലത്തും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്.
എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യാപകമായി മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിരുന്നെങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ കാരണം. ഉച്ചയ്ക്ക് പുതുക്കിയ കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് വടക്കൻ കേരളത്തിലെ നാല് ജില്ലകൾക്കും എറണാകുളം, ഇടുക്കി ജില്ലകൾക്കും ഓറഞ്ച് അലർട്ട് നൽകിയത്.
ഉത്രാടപ്പാച്ചിലിനായി ജനങ്ങൾ പുറത്തിറങ്ങുന്ന സമയത്ത് മഴ ശക്തമാകുന്നത് വ്യാപാരത്തെയും യാത്രകളെയും ഓണാഘോഷങ്ങളെയും ബാധിച്ചേക്കും. പ്രത്യേകിച്ച് വടക്കൻ, മധ്യകേരള ജില്ലകളിൽ മഴയുടെ ശക്തി കൂടുതലാകാൻ സാധ്യതയുണ്ട്.

തിരുവോണ ദിനമായ നാളെയും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലയോര മേഖലകളിൽ ജാഗ്രത
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
